തൊഴില്‍ സൃഷ്ടിക്കല്‍ ആവര്‍ത്തന വാഗ്ദാനമായി ചുരുങ്ങുമോ?

രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന് ഇത്തവണയും മാറ്റമില്ല. പതിവ് തെറ്റാതെ ഈ വാഗ്ദാനം ഇത്തവണയും നിര്‍മ്മലാ സീതാരാമന്‍ ആവര്‍ത്തിച്ചിട്ടുണ്ട്. യുവാക്കളുടെ അഭിലാഷങ്ങള്‍ക്ക് മുന്‍ഗണന നല്‍കും എന്നാണ് ഇത്തവണയും ധനകാര്യ മന്ത്രിയുടെ പ്രഖ്യാപനം. 2022-23ലെ ബഡ്ജറ്റില്‍ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നതായിരുന്നു വാഗ്ദാനം. എന്നാല്‍ ആ വാഗ്ദാനം നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചോ?

പോയവര്‍ഷം രാജ്യത്ത് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് തൊഴിലില്ലായ്മ നിരക്കായിരുന്നു. ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും മോശം അവസ്ഥയിലാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2022 വര്‍ഷം അവസാനിക്കുമ്പോള്‍ 16 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത് രേഖപ്പെടുത്തിയിരുന്നത്. 2022 ഡിസംബര്‍ 8.30 ശതമാനമായിട്ടാണ് തൊഴിലില്ലായ്മ വര്‍ധിച്ചത്. നവംബറില്‍ ഇത് എട്ട് ശതമാനമായിരുന്നു. 2022 ഒക്ടോബറില്‍ 7.8 ശതമാവും നവംബറില്‍ 6.4 ശതമാനവുമായിരുന്നു.

നാഗരിക മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 10.9 ശതമാനമാണ്. തൊട്ടു മുമ്പത്തെ മാസം ഇത് 8.96 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ നിരക്ക് 7.55ശതമാനമാണ്. നവംബറില്‍ ഇത് 7.44 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഓരോ മാസവും രാജ്യത്ത് തൊഴിലിലായ്മ നിരക്ക് രൂക്ഷമാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്തു എന്ന ചോദ്യം ശക്തമായി ഉയര്‍ന്നിരുന്നു. അന്നൊന്നും ഗുണകരമായി പ്രതികരിക്കാതിരുന്ന ധനമന്ത്രിയാണ് ഇത്തവണത്തെ ബജറ്റില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന പ്രഖ്യാപനം ആവര്‍ത്തിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വകുപ്പുകളില്‍ ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 9.8 ലക്ഷം ഒഴിവുകളാണുള്ളത്. വിവിധ വകുപ്പുകളിലായി ആകെയുള്ള 40,35,203 തസ്തികകളില്‍ 30,55,876 തസ്തികകള്‍ മാത്രമാണ് നികത്തിയിട്ടുള്ളതെന്ന് ഒടുവില്‍ ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നു.2022 ജൂണില്‍ 10 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതും നടപ്പായിട്ടില്ല.

കേന്ദ്രസര്‍വീസില്‍ 10 ലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുമ്പോള്‍ കഴിഞ്ഞ എട്ട് വര്‍ഷം അപേക്ഷിച്ചവരില്‍ 0.33 ശതമാനം പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. അതായത്, 22.05 കോടി പേര്‍ അപേക്ഷിച്ചപ്പോള്‍ ജോലി ലഭിച്ചത് 7.22 ലക്ഷം പേര്‍ക്ക്. സാധാരണക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ നിയമനം കിട്ടുന്ന ഗ്രൂപ്പ് ‘സി’ വിഭാഗത്തില്‍ 8.36 ലക്ഷം തസ്തിക 2022 സെപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം ഒഴിഞ്ഞുകിടക്കുകയാണ്. ഇതൊന്നും നികത്താന്‍ യാതൊരു നടപടിയുമെടുക്കാതെയാണ് പുതിയ വാഗ്ദാനം എന്നതാണ് എടുത്ത് പറയേണ്ടത്. പൊതുമേഖലയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ റെയില്‍വെയിലും അപ്രഖ്യാപിത നിയമനനിരോധനം നിലനില്‍ക്കുന്നതായി പരാതിയുണ്ട്. പൊതുമേഖല ബാങ്കുകളിലും സ്ഥിരനിയമനം വെട്ടിച്ചുരുക്കിയ നിലയാണുള്ളത്.

വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാജ്യം ആരുഭരിക്കുമെന്ന് നിര്‍ണ്ണയിക്കുന്ന വോട്ടര്‍മാരില്‍ യുവാക്കള്‍ക്ക് നിര്‍ണ്ണായക പ്രാധാന്യമുണ്ട്. മൂന്നാം ഊഴം ലക്ഷ്യമിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ച് തൊഴിലില്ലായ്മയും തൊഴില്‍ ഉണ്ടായിരുന്നവരുടെ തൊഴില്‍ നഷ്ടവും വെല്ലുവിളിയാണ്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബഡ്ജറ്റില്‍ തൊഴില്‍ അനസരം സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തിന് വലിയ പ്രാധാന്യമുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന ധനമന്ത്രിയുടെ വാഗ്ദാനം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എല്ലാ ബജറ്റിലും ആവര്‍ത്തിക്കുന്ന പ്രഖ്യാപനം മാത്രമായി ചുരുങ്ങുമോ എന്ന ചോദ്യം തൊഴില്‍ അന്വേഷകരായ യുവാക്കളെ സംബന്ധിച്ച് പ്രസക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News