കേരളത്തെ അവഗണിച്ച രാഷ്ട്രീയ ബജറ്റ്

തെരഞ്ഞെടുപ്പ് കണക്കാക്കി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന രാഷ്ട്രീയ ബജറ്റിൽ കേരളത്തിന് അവഗണന. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടര്‍ന്നുവരുന്ന സമീപനം ബജറ്റിലും പ്രതിഫലിച്ചുവെന്ന് വേണം കാണാന്‍. വികസന സൂചികകളില്‍ രാജ്യത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതില്‍ ചിലത് ദേശീയ നിലവാരത്തിന് മുകളില്‍ വികസിത രാജ്യങ്ങളുടേതിന് തുല്യമാണ്. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിലും സമ്പദ്ഘടനയുടെ വളര്‍ച്ച പരിശോധിച്ചാലും കേരളം മുന്‍നിരയിലാണ്. എന്നാല്‍ കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ വികസന താല്‍പ്പര്യങ്ങളെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്.

സാധാരണക്കാരായ ജനങ്ങളുടെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനവും സാമ്പത്തിക സ്വാശ്രയത്വവും ലക്ഷ്യമിട്ട് സാമൂഹ്യക്ഷേമത്തിന് പ്രാധാന്യമുള്ള ബദല്‍ നയങ്ങളാണ് കേരളം നടപ്പിലാക്കുന്നത്. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്ക് ഉള്‍പ്പെടെ വലിയൊരു തുക സാമൂഹിക ക്ഷേമ പ്രവര്‍ത്തനത്തിനായി കേരളം മാറ്റിവയ്ക്കുന്നുണ്ട്. അതിനൊപ്പം കിഫ്ബി പോലുള്ള സംവിധാനം ആവിഷ്‌കരിച്ച് അടിസ്ഥാന-പശ്ചാത്തല സൗകര്യ വികസനത്തിലും കേരളം വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്. പൊതുമേഖലയെയും സ്വകാര്യമേഖലയെയും ശക്തിപ്പെടുത്തുന്ന നിലയില്‍ വ്യാവസായിക മേഖലയിലും കേരളം മുന്നേറ്റം നടത്തുകയാണ്. ഐ.ടി മേഖലയിലും സ്റ്റാര്‍ട്ടപ്പുകളുടെ രംഗത്തുമെല്ലാം കേരളം സ്വന്തമായ മേല്‍വിലാസം അടയാളപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിന് കേന്ദ്രം മൂക്കുകയറിടുകയും ജി.എസ്.ടി വിഹിതം കൃത്യമായി വിതരണം ചെയ്യാതിരിക്കുകയും അര്‍ഹമായ ജി.എസ്.ടി നഷ്ടപരിഹാരം കൃത്യമായി നല്‍കാതിരിക്കുകയും ചെയ്‌തൊരു സാഹചര്യത്തിലാണ് കേരളം ഇത്തരമൊരു മുന്നേറ്റം നടത്തിയത്.

ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നൊരു കാലത്ത് ക്ഷേമ-വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കേരളം മുന്നോട്ടുവച്ച് ആവശ്യങ്ങളൊന്നും ധനകാര്യമന്ത്രി ബജറ്റിൽ പരിഗണിച്ചില്ല. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വര്‍ദ്ധിപ്പിക്കണം, ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടണം തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം ബജറ്റിൽ പരിഗണിച്ചില്ല. കേരളത്തിലെ ഗ്രാമീണ മേഖലയിലെ സാധാരണക്കാര്‍ക്ക് കൈത്താങ്ങുന്ന തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവച്ച ആവശ്യങ്ങളും കേന്ദ്രം അവഗണിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം അവഗണിച്ചെന്ന് മാത്രമല്ല ആ പദ്ധതിയെ തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് തങ്ങള്‍ക്കെന്ന് കൂടിയാണ് കേന്ദ്രം വ്യക്തമാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതിവിഹിതത്തിലും കേരളം വര്‍ദ്ധനവ് ആവശ്യപ്പെട്ടിരുന്നു. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഉപകാരപ്പെടുന്ന ആവശ്യങ്ങളായിരുന്നു ഈ നിലയില്‍ കേരളം ഉയര്‍ത്തിയത്.സംസ്ഥാനങ്ങളുടെ അൻപതുവർഷത്തെ പലിശരഹിത കടത്തിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചത് മാത്രമാണ് ബജറ്റിൽ കേരളത്തിന് ലഭിച്ചുവെന്ന് പറയാവുന്ന ഏക കേന്ദ്ര സഹായം!

കേരളത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായകമായി മാറിയേക്കാവുന്ന ആവശ്യങ്ങളോടും കേന്ദ്രം കണ്ണടച്ചിരിക്കുകയാണ്. ദീര്‍ഘകാലമായി കേരളം ആവശ്യപ്പെടുന്ന എയിംസ് എന്ന ആവശ്യത്തോട് ഇത്തവണയും ബജറ്റ് മുഖം തിരിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയക്ക് അംഗീകാരം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. 2019ല്‍ മരവിപ്പിച്ച ശബരി പദ്ധയിയ്ക്ക് പുനര്‍ജനിയെന്ന നിലയില്‍ അങ്കമാലി-ശബരി റെയില്‍ലൈന് അനുമതി നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയില്‍ വന്ദേഭാരത് ട്രെയിനില്ലാത്ത ഏക സംസ്ഥാനം എന്ന കേരളത്തിന്റെ ബഹുമതിയെ കേന്ദ്ര ബജറ്റ് ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്. അനുമതി ലഭിച്ച പാലക്കാട്ടെ 19 കോടി രൂപയുടെ പിറ്റ് ലൈൻ പദ്ധതിയെക്കുറിച്ചും ബജറ്റിൽ പരാമര്‍ശമില്ല.

എറണാകുളം കണ്ണൂര്‍ ജംഗ്ഷന്‍ സ്റ്റേഷനുകളുടെ യാഡ് റീമോഡലിംഗിനെക്കുറിച്ചും ബജറ്റിൽ സൂചനയില്ല. നേമം-കോച്ചുവേളി ടെര്‍മിനലുകള്‍, തലശേരി -മൈസൂരു, കാഞ്ഞങ്ങാട്- പാണത്തൂര്‍-കണിയൂര്‍ പാതകള്‍ തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളും ബഡ്ജറ്റില്‍ പരിഗണിച്ചിട്ടില്ല. കാഞ്ഞങ്ങാട്- കാണിയൂര്‍ പാതയുടെ ചെലവിന്റെ 50 ശതമാനം കേരളം വഹിക്കുമെന്ന് അറിയിച്ചിട്ടും ആ വിഷയത്തിലും കേന്ദ്രം മൗനം തുടരുകയാണ്. അമൃത എക്‌സ്പ്രസ് രാമേശ്വരംവരെ നീട്ടണമെന്നും എറണാകുളം-വേളാങ്കണ്ണി പുതിയ ട്രെയിന്‍ വേണമെന്നുമുള്ള കേരളത്തിന്റെ ആവശ്യവും അവഗണിക്കപ്പെട്ടു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തിന് പുതിയ സര്‍വ്വീസുകള്‍ തുടങ്ങാന്‍ ലഭ്യമാകേണ്ട സാങ്കേതിക അനുമതി ഇപ്പോഴും ആവശ്യമായി ബാക്കിയാണ്. പുതിയ 50വിമാനത്താവളങ്ങള്‍ പ്രഖ്യാപിച്ച ബജറ്റിലാണ് അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കണ്ണൂര്‍ വിമാനത്താവള വികസനത്തെ അവഗണിച്ചിരിക്കുന്നത്. ഈ നിലയില്‍ കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ച കേന്ദ്ര ബജറ്റ് അയല്‍സംസ്ഥാനമായ കര്‍ണ്ണാടകയ്ക്ക് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രത്യേക പാക്കേജ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ബജറ്റ് പ്രഖ്യാപനങ്ങളില്‍ മാത്രമല്ല കേരളം പോലുള്ള ബി.ജെ.പി ഇതരസംസ്ഥാനങ്ങളെ പൂര്‍ണ്ണമായി അവഗണിക്കുന്നതിലും രാഷ്ട്രീയ താല്‍പ്പര്യം പ്രതിഫലിക്കുന്ന ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News