കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ച 2023-24 ലെ യൂണിയൻ ബജറ്റിനെതിരെ വിമർശനവുമായി വിവിധ പ്രതിപക്ഷ പാർട്ടികൾ.ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ‘സപ്നോ കാ സൗദാഗർ’ പോലെയാണ്; ഒരു സ്വപ്നം കഴിഞ്ഞ് നിങ്ങൾ ഉണരുമ്പോൾ ഒന്നും യാഥാർഥ്യമാകുന്നില്ലെന്ന് ജനതാ ദൾ യുണൈറ്റഡ് എംപി രാജീവ് രഞ്ജൻ അഭിപ്രായപ്പെട്ടു.പണപ്പെരുപ്പവും തൊഴിലില്ലായ്മയും എങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ച് ധനമന്ത്രിക്ക് മിണ്ടാട്ടമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ എട്ട് വർഷങ്ങളായി അവതരിപ്പിച്ച ബജറ്റുകളുടെ വെറും ആവർത്തനം മാത്രമാണ് ഇത്തവണത്തെ യൂണിയൻ ബജറ്റ് എന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പ്രതികരിച്ചു. കേന്ദ്ര സർക്കാറിൻ്റെ ചങ്ങാത്ത മുതലാളിമാർക്കും വൻകിട വ്യവസായികൾക്കുമായി നികുതി പിരിക്കുന്നു. സാധാരണ നികുതിയിൽ നിന്ന് പ്രയോജനം ലഭിക്കുന്നില്ല. പകരം അവരുടെ നട്ടെല്ല് തകർക്കുകയാണ് കേന്ദ്ര സർക്കാർ. സാധാരണക്കാർക്ക് പ്രയോജനം ലഭിക്കുന്ന ക്ഷേമപദ്ധതികളും സബ്‌സിഡിയും കേന്ദ്രം ഇല്ലാതാക്കുകയാണ് എന്നും മെഹബൂബ കുറ്റപ്പെടുത്തി.
വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും കേന്ദ്ര ബജറ്റിൽ പരിഹാരമില്ലെന്നും വാക്കുകളും വാചക കസർത്തുകളുമാത്രമാണ് പകരമുള്ളത് എന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു.വൻകിട വ്യവസായികൾക്ക് മാത്രമാണ് ബജറ്റിന്‍റെ നേട്ടം. നാണയപ്പെരുപ്പവും വിലക്കയറ്റവും കണക്കിലെടുക്കുമ്പോൾ 7 ലക്ഷം രൂപ വരെയുള്ള ആദായ നികുതിയിളവ് ഒന്നുമല്ല. അത് ഇത് ഇടത്തരക്കാരെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിടുന്നത് പോലെയാണെന്നും അദ്ദേഹം പ്രതികരിച്ചു.
തെരഞ്ഞെടുപ്പുകളെ മുന്നിൽക്കണ്ട് അവതരിപ്പിച്ച ബജറ്റാണിതെന്ന് സമാജ് വാദി പാർട്ടി എ.പി ഡിംപിൾ യാദവ് പറഞ്ഞു. കർഷകർ, തൊഴിൽ രഹിതർ, യുവാക്കൾ എന്നിവർക്കുള്ള പ്രത്യേക പാക്കേജിനെ കുറിച്ച് ബജറ്റിൽ ഒന്നും പറഞ്ഞിട്ടില്ല. ഇടത്തരക്കാർക്ക് ചില ഇളവുകൾ നൽകിയെങ്കിലും കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്നും ഡിംപിൾ യാദവ് ചൂണ്ടിക്കാട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here