മസ്തിഷ്‌കശാസ്ത്ര സിദ്ധാന്തത്തെ വഴിതിരിച്ചുവിട്ട മലയാളി യുവ ശാസ്ത്രജ്ഞന് അഭിനന്ദനവുമായി മന്ത്രി ആര്‍ ബിന്ദു

ഇന്ദ്രിയങ്ങളും തലച്ചോറും തമ്മിലെ ബന്ധത്തെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതിയ മലയാളി യുവ ശാസ്ത്രജ്ഞന്‍ വിജയ് മോഹന്‍ കെ നമ്പൂതിരിക്ക് ആശംസകളുമായി ഉന്നത വിദ്യാഭ്യസമന്ത്രി മന്ത്രി ആര്‍ ബിന്ദു. അര നൂറ്റാണ്ടിലേറെയായി അരങ്ങുവാഴുന്ന മസ്തിഷ്‌കശാസ്ത്ര സിദ്ധാന്തത്തിനാണ് ഇതോടെ വഴിത്തിരിവു വരുന്നതെന്ന് മന്ത്രി പറഞ്ഞു.

‘സയന്‍സ്’ മാസികയില്‍ വിജയ് മോഹന്റെ ഗവേഷണഫലം പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. നിര്‍മ്മിതബുദ്ധിയുടെ മേഖലയെ അഴിച്ചുപണിയുന്ന കണ്ടുപിടുത്തമാണിതെന്നാണ് വിലയിരുത്തല്‍ എന്നും മന്ത്രി പറഞ്ഞു. ലോക ശാസ്ത്രത്തെ നയിക്കുന്ന അങ്ങനൊരാള്‍ കേരളീയനെന്നതിലെ അഭിമാനം നമ്മളും ഒതുക്കി വെക്കേണ്ടതില്ലെന്നും മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ദ്രിയങ്ങളും തലച്ചോറും തമ്മിലെ ബന്ധത്തെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതുകയാണ് എന്റെ സുഹൃദ്കുടുംബാംഗം കൂടിയായ മലയാളി യുവ ശാസ്ത്രജ്ഞന്‍.

കാണുന്നതും കേള്‍ക്കുന്നതുമടക്കമുള്ള ഇന്ദ്രിയാനുഭവങ്ങളെ ചേറ്റിക്കൊഴിച്ച് കാരണങ്ങളെ കണ്ടെത്തുകയാണ് തലച്ചോറെന്നാണ് നിലവിലെ സിദ്ധാന്തം. എന്നാല്‍, അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവങ്ങളുടെ ഉള്ളുകള്ളികള്‍ തിരഞ്ഞു തേറിയാണ് നാം വാസ്തവങ്ങളിലേക്ക് അടുക്കുന്നതെന്നാണ് തൃശൂര്‍ പൂങ്കുന്നം സ്വദേശി വിജയ് മോഹന്‍ കെ നമ്പൂതിരിയുടെ (എന്റെ അയല്‍പക്കക്കാരന്‍, കേരളവര്‍മ്മ കോളേജില്‍ സഹപ്രവര്‍ത്തകയായിരുന്ന ഭൗതികശാസ്ത്രാധ്യാപിക ശ്രീദേവി ടീച്ചറുടെ മകന്‍..) നേതൃത്വത്തിലുള്ള ന്യൂറോ സയന്റിസ്റ്റ് സംഘം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം.

അര നൂറ്റാണ്ടിലേറെയായി അരങ്ങുവാഴുന്ന മസ്തിഷ്‌കശാസ്ത്ര സിദ്ധാന്തത്തിനാണ് ഇതോടെ വഴിത്തിരിവു വരുന്നത്. മനുഷ്യരടക്കമുള്ള ജീവികളുടെ ചിന്തയില്‍ പഞ്ചേന്ദ്രിയങ്ങളുടെ പങ്കിനപ്പുറമുള്ള നിര്‍ണ്ണായകത്വം തലച്ചോറിന് കൈവരുന്നു; യാദൃച്ഛികതകള്‍ക്ക് അതില്‍ താക്കോല്‍ സ്ഥാനം വരുന്നു – എന്തുകൊണ്ടും കൗതുകകരവും ജിജ്ഞാസകളെ ഉണര്‍ത്തുന്നതുമായ കണ്ടുപിടിത്തം. ആകസ്മികതകള്‍ക്കു നേര്‍ക്ക് തുറന്നിരിക്കണം മാനവബുദ്ധിയെന്ന, ഏവര്‍ക്കും തെളിച്ചം പകരാവുന്ന പുതിയ ശാസ്ത്രപഥം.

‘സയന്‍സ്’ മാസികയില്‍ വിജയ് മോഹന്റെ ഗവേഷണഫലം പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. നിര്‍മ്മിതബുദ്ധിയുടെ മേഖലയെ അഴിച്ചുപണിയുന്ന കണ്ടുപിടുത്തമാണിതെന്നാണ് വിലയിരുത്തല്‍. നിലവിലെ ‘ട്രയല്‍ ആന്‍ഡ് എറര്‍’ രീതിയുടെ എതിര്‍ദിശയിലാണ് ഈ പുതിയ കണ്ടെത്തലെന്നതാണ് ഇപ്പോഴെത്തി നില്‍ക്കുന്ന നിര്‍മ്മിതബുദ്ധി സംവിധാനങ്ങളുടെ അടിത്തറ മാറ്റിപ്പണിയലില്‍ എത്താമെന്നതിനു പിന്നില്‍.

വിഖ്യാത മസ്തിഷ്‌ക ശാസ്ത്രജ്ഞന്‍ ഡോ. വി എസ് രാമചന്ദ്രന്‍ പറയുന്നുണ്ട്, മൈക്കേല്‍ ഫാരഡെ വൈദ്യുതി കണ്ടുപിടിച്ച കാലത്തിന് സമാനമായ വളര്‍ച്ചയേ ഇക്കഴിഞ്ഞ നൂറ്റാണ്ടു വരേക്കുമുള്ള ന്യൂറോ സയന്‍സിന് അവകാശപ്പെടാനാവൂ എന്ന്. ഇനിയുമെത്രയോ യുഗസമാനമായ അന്വേഷണഫലങ്ങളെ കാത്തിരിക്കുകയാണ് നമ്മുടെ മസ്തിഷ്‌കശാസ്ത്രമെന്നു ചുരുക്കം. ചിന്തയുടെ താരാപഥ വൈചിത്ര്യമാര്‍ന്ന ഉത്ഭവസ്ഥാനങ്ങളെ തേടിയുള്ള മാനവയാത്ര ഇനിയും എങ്ങുമെത്തിയിട്ടില്ലെന്നും പറയാം.

ആ യാത്രയുടെ ഒരു നിര്‍ണ്ണായക വളവില്‍, അതു നയിക്കുന്നവരില്‍ ഒരാളായി ഞാനറിയുന്ന ഒരു ശാസ്ത്രപ്രതിഭയുണ്ടെന്നത് വാക്കുകളില്‍ ഒതുക്കാവുന്ന സന്തോഷമല്ല! ലോക ശാസ്ത്രത്തെ നയിക്കുന്ന അങ്ങനൊരാള്‍ കേരളീയനെന്നതിലെ അഭിമാനം നമ്മളും ഒതുക്കി വെക്കേണ്ടതില്ല! വിജയ് മോഹന് നമുക്കൊരുമിച്ച് ആശംസകളും അഭിവാദനങ്ങളും നേരാം..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News