സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം; ഇത്തവണയും പേപ്പര്‍രഹിത ബജറ്റ്

സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒന്‍പത് മണിക്ക് നിയമസഭയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. കൊവിഡാനന്തരം കേരള സമ്പദ് വ്യവസ്ഥ കൈവരിച്ച വളര്‍ച്ച നിലനിര്‍ത്താനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള കര്‍മപരിപാടിയാകും ബജറ്റ്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പേപ്പര്‍രഹിത ബജറ്റാകും ധനമന്ത്രി  അവതരിപ്പിക്കുക.

സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ബജറ്റിന്റെ ലക്ഷ്യം. കൂടുതല്‍ ഉല്‍പ്പാദനം, തൊഴില്‍, വരുമാനം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, വളര്‍ച്ച തുടങ്ങിയവയായിരിക്കും ബജറ്റിന്റെ കാതല്‍. കേന്ദ്ര ബജറ്റ് കൂടി ഉള്‍ക്കൊണ്ടു കൊണ്ടാകും സംസ്ഥാന ബജറ്റ് അവരിപ്പിക്കുക.

കൊവിഡാനന്തരം കേരളം കൈവരിച്ച വളര്‍ച്ച നിലനിര്‍ത്താനുള്ള കര്‍മപരിപാടി ഉള്‍ക്കൊള്ളുന്നതാകും ഇത്തവണത്തെ സംസ്ഥാന ബജറ്റ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ പലവിധ ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സാഹചര്യത്തില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റ് പ്രാധാന്യം നല്‍കുന്നുണ്ട്.

സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും സാധാരണക്കാരുടെ പെന്‍ഷന്‍ അടക്കമുള്ള ക്ഷേമ പദ്ധതികള്‍ക്ക് മുടക്കമുണ്ടാകില്ല. എന്നാല്‍, അനാവശ്യ ചെലവുകള്‍ കുറയ്ക്കും. നികുതി – നികുതിയേതര വരുമാനത്തില്‍ മാറ്റം വരും. കൃഷി, വ്യവസായം, സേവനം തുടങ്ങിയ മേഖലകളും വരുമാനം, വളര്‍ച്ച എന്നിവയും ബജറ്റിന്റെ കാതലാകും. ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാനായി ‘കേരള ബജറ്റ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശയായിരുന്നു ഫലം. കേരളത്തിന്റെ വികസനത്തിനുതകുന്ന ഒരാവശ്യങ്ങളും  കേന്ദ്രം പരിഗണിച്ചിരുന്നില്ല. കേരളത്തിനായി യാതൊരു പദ്ധതികളും കേന്ദ്രം ബജറ്റില്‍ അവതരിപ്പിക്കാതെ സംസ്ഥാനത്തെ പാടെ തഴയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

അതേസമയം ഇന്ന് ബജറ്റ് നടക്കാനിരിക്കെ, ഉത്തേജക പാക്കേജ് സാമ്പത്തിക സ്ഥിതി വീണ്ടെടുക്കാന്‍ സഹായിച്ചുവെന്ന് വ്യക്തമാക്കുന്ന സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച 12.1% നിരക്കിലേക്ക് എത്തിയെന്നാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2012-13ന് ശേഷം ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്. റവന്യു കമ്മിയും ആഭ്യന്തര ഉല്‍പാദനവും തമ്മിലെ അനുപാതം 4.11% കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023ല്‍ ഇത് 3.91% ആകുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

റവന്യു വരുമാനം 12.86 % ആയി വര്‍ദ്ധിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ കൃഷി അനുബന്ധ മേഖലകളില്‍ 4.64% വളര്‍ച്ചാ വര്‍ദ്ധനവുണ്ടെന്നും സൂചിപ്പിക്കുന്നു. റവന്യു ചെലവിന്റെ 22.46% ല്‍ നിന്ന് 30.44 % ആയി ഉയര്‍ന്നു. പെന്‍ഷന്‍ ചെലവിലെ വര്‍ധന 15.35 % ല്‍ നിന്ന് 18.40 % ആയി വര്‍ദ്ധിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പൊതുകടം 2.10 ലക്ഷം കോടിയായി വര്‍ദ്ധിച്ചതായും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020-21 ല്‍ പൊതുകടം 1.90 ലക്ഷം കോടിയായിരുന്നു. സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയത് പൊതുകടം വര്‍ദ്ധിക്കാന്‍ കാരണമായി. നിലവിലെ സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നേക്കാമെന്ന് അവലോകന റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രനയങ്ങളാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ചെലവുകള്‍ നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശവും സാമ്പത്തിയ അവലോകന റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നുണ്ട്. റവന്യു ചെലവ് യുക്തി സഹമാക്കണമെന്നും അധിക വരുമാനം സമാഹരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ചെലവിന് മുന്‍ഗണന ക്രമം നിശ്ചയിക്കണമെന്നും റിപ്പേര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News