ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റിലുണ്ടാവുക; അമിതഭാരമുണ്ടാകില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റിലുണ്ടാവുകയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങള്‍ക്ക് അമിതഭാരമുണ്ടാകില്ലെന്നും എന്നാല്‍ ചിലവ് ചുരുക്കല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് മുന്നോട്ടു പോകാനുള്ള ബജറ്റായിരിക്കും ഇന്ന് അവതരിപ്പിക്കുക. കടമെടുപ്പില്‍ കേന്ദ്രത്തിന്റെ നിയന്ത്രണം വസ്തുതയാണെന്നും അത് ഞാനും മന്ത്രിസഭയും തിരിച്ചറിഞ്ഞതിനൊപ്പം ജനങ്ങളും തിരിച്ചറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ബജറ്റ് ആയിരിക്കും ഇന്ന് അവതരിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കാത്ത ഭാരം എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും എല്ലാവരെയും കൂട്ടിച്ചേര്‍ത്ത് കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

എല്ലാവരുടെയും സഹായത്തോടെ വികസന കാര്യങ്ങളുമായി സംസ്ഥാനം അതിശക്തമായി മുന്നോട്ടു പോകുമെന്നും കേന്ദ്ര സര്‍ക്കാറിന്റെ സമീപനം കേരളത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് 9 മണിക്കാണ് സംസ്ഥാന ബജറ്റ് അവതരണം ആരംഭിക്കുക. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ബജറ്റിന്റെ ലക്ഷ്യം. കൂടുതല്‍ ഉല്‍പ്പാദനം, തൊഴില്‍, വരുമാനം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, വളര്‍ച്ച തുടങ്ങിയവയായിരിക്കും ബജറ്റിന്റെ കാതല്‍.

കേന്ദ്ര ബജറ്റ് കൂടി ഉള്‍ക്കൊണ്ടു കൊണ്ടാകും സംസ്ഥാന ബജറ്റ് അവരിപ്പിക്കുക. കൊവിഡാനന്തരം കേരളം കൈവരിച്ച വളര്‍ച്ച നിലനിര്‍ത്താനുള്ള കര്‍മപരിപാടി ഉള്‍ക്കൊള്ളുന്നതാകും ഇത്തവണത്തെ സംസ്ഥാന ബജറ്റ്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ പലവിധ ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സാഹചര്യത്തില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റ് പ്രാധാന്യം നല്‍കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News