കണ്ണിന് നേര്‍ക്കാഴ്ച; സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ കണ്ണട

നേത്രാരോഗ്യത്തിനായി ബജറ്റില്‍ 50 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നേര്‍ക്കാഴ്ച എന്ന പേരിലാണ് നേത്രാരോഗ്യത്തിനുള്ള പദ്ധതി മന്ത്രി അവതരിപ്പിച്ചത്. നാലുവര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുക. ഇതിലൂടെ കാഴ്ച വൈകല്യങ്ങള്‍ ഉള്ള എല്ലാ വ്യക്തികള്‍ക്കും സൗജന്യ വൈദ്യോപദേശവും മരുന്നുകളും ലഭ്യമാക്കും

കാഴ്ച വൈകല്യമുള്ള സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ സൗജന്യ കണ്ണടകള്‍ നല്‍കുമെന്നും മന്ത്രിപറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ വോളന്റിയര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ ജനകീയ ക്യാംപയിനാണ് നേര്‍ക്കാഴ്ച.

എല്ലാവര്‍ക്കും നേത്രാരോഗ്യമെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കുന്ന പദ്ധതിയാണിത്. കൂടാതെ ബജറ്റില്‍ കുടുംബശ്രീക്ക് 260 കോടിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും  അനുവദിച്ചു.

സംസ്ഥാനത്ത് ലൈഫ് മിഷന്‍ പദ്ധതിക്കായി 1436 കോടി രൂപ അനുവദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 71861 വീടുകള്‍ ഈ വര്‍ഷം പണിതുനല്‍കിയിട്ടുണ്ട്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്നും ഇതിനായി ഈ വര്‍ഷം 100 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

സംസ്ഥാനത്തിനകത്തെ വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്. സംരംഭങ്ങള്‍ക്ക് മൂലധനം കണ്ടെത്താന്‍ പലിശയിളവ് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കും. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെയ്ക്ക് ഇന്‍ കേരള പിന്തുണ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റബ്ബര്‍ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി രൂപയാക്കി വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

രാജ്യത്ത് ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റില്‍ വിലക്കയറ്റം നേരിടാന്‍ 2000 കോടി വകയിരുത്തി. കേരളം ഒരു ഒറ്റപ്പെട്ട തുരുത്തല്ല. പുറം ലോകത്തെ ചലനങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചു മാത്രമേ കേരളത്തിന് മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ. കേന്ദ്രസര്‍ക്കാരിന്റെ ധനനയം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചുവെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി അനുവദിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അഞ്ച് വര്‍ഷത്തിനകം അതിദാരിദ്ര്യം തുടച്ചുനീക്കുകയാണ് പദ്ധതി. ഇതിന്റെ ഭാഗമായി 64006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി നടപടി തുടങ്ങിയെന്നും ധനമന്ത്രി ബജറ്റവതരണത്തിനിടയില്‍ അറിയിച്ചു.

അതേസമയം സംസ്ഥാനം കടക്കെണിയില്‍ അല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും കാലത്തിലേക്ക് തിരിച്ചുവരുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റവതരണത്തില്‍ പറഞ്ഞു. കേരളം പ്രതിസന്ധികളില്‍ നിന്ന് കരകയറിയ വര്‍ഷമാണിത്.

ഉത്പാദന വ്യവസ്ഥയെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള സാമ്പത്തിക വളര്‍ച്ച നേടാന്‍ കേരളത്തിന് സാധിച്ചു. സംസ്ഥാനത്ത് ആഭ്യന്തര ഉത്പാദനത്തിലും തനതു വരുമാനത്തിലും വ്യവസായ മേഖലയിലും മികച്ച വളര്‍ച്ചാ നിരക്കുണ്ടായെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ധനനയം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ അല്ല ഇവിടം വരെ എത്തിയതെന്നും നികുതി നികുതിയേതര വരുമാനം പരമാവധി വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വിഭവ വിനിയോഗത്തിന്റെ കാര്യക്ഷമത വര്‍ധപ്പിക്കും. കേരളത്തിന്റെ വരുമാനത്തില്‍ 10000 കോടിയുടെ കുറവുണ്ട്. കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചത് കാരണം 3500 കോടിയുടെ കുറവാണുള്ളത്. വരുന്നവര്‍ഷം കൂടുതല്‍ സാമ്പത്തിക ഞെരുക്കം പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ കേരളം കടക്കെണിയില്‍ അല്ലെന്നും ബജറ്റവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News