196 കോടിയുടെ അധിക വിഹിതവുമായി ‘ആരോഗ്യ ബജറ്റ്’

സംസ്ഥാന ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് മുന്തിയ പരിഗണന. പൊതുജനാരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി 2828.33 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
മുന്‍ വര്‍ഷത്തേക്കാള്‍ 196.6 കോടിയുടെ അധിക വിഹിതമാണ് ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്. കേരളത്തെ ഹെല്‍ത്ത് ഹബ്ബ് ആക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോഗ്യമേഖയ്ക്ക് ബജറ്റില്‍ നല്‍കിയിരിക്കുന്ന പരിഗണന അവതരിപ്പിച്ചത്.

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുന്നതിന് കെയര്‍ പോളിസി നടപ്പിലാക്കും. ഇതിനായി 30കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കാരുണ്യ ആരോഗ്യ പദ്ധതിക്ക് 574.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് വികസനത്തിന് 237.27 കോടി. എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സ കേന്ദ്രങ്ങള്‍ ഉറപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനം കേരളത്തിലെ ആരോഗ്യമേഖലയിലെ നാഴികകല്ലായി മാറും.പകര്‍ച്ച വ്യാധി പ്രതിരോധത്തിന് 11 കോടിയാണ് ബജറ്റ് വകയിരുത്തിയിരിക്കുന്നത്.

ഇ ഹെല്‍ത്തിന് 30 കോടി, ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 50 കോടി, സുരക്ഷിത ഭക്ഷണത്തിന് 7 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് 463.75 കോടി, മെഡിക്കല്‍ കോളജുകളോട് ചേര്‍ന്ന് കൂട്ടിരിപ്പുകാര്‍ക്കുള്ള കേന്ദ്രത്തിന് 4 കോടി, പേവിഷത്തിനെതിരെ തദ്ദേശ വാക്സിന് 5 കോടി, കൊവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിന് 5 കോടി തുടങ്ങിയ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ പൊതുജനാരോഗ്യ സംരക്ഷണ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്.

തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റിസ്ഥാപിക്കുന്നതിന് 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്‍ഡോള്‍സള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി 17 കോടി, ഹോമിയോപ്പതി മേഖലക്ക് 25 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മെഡിസെപ് പദ്ധതിയുടെ ഭാഗമായി 480 ആശുപത്രികളുമായി കരാറുണ്ടെന്നും ആറ് മാസത്തിനിടെ 405 കോടി അനുവദിച്ചതായും ബജറ്റ് വ്യക്തമാക്കുന്നു. അടിയന്തര അവയവമാറ്റത്തിന് 30 കോടിയുടെ കോര്‍പ്പസ് ഫണ്ടും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

പേ വിഷത്തിനെതിരെ തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. സംസ്ഥാന തദ്ദേശീയമായ ഓറല്‍ റാബിസ് വാക്‌സീന്‍ വികസിപ്പിക്കുന്നതിന് സംരംഭം ആരംഭിക്കും. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെയും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ആയിരിക്കും വാക്‌സിന്‍ വികസിപ്പിക്കുക. ഈ പദ്ധതിക്കായി അഞ്ച് കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 25 പുതിയ നഴ്സിങ് കോളജുകള്‍ കൂടി ആരംഭിക്കുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഇടുക്കി, വയനാട് മെഡിക്കല്‍ കോളജുകളോടും സംസ്ഥാനത്തെ താലൂക്ക്, ജനറല്‍ ആശുപത്രികളോടും അനുബന്ധിച്ചാവും പുതിയ നഴ്സിങ് കോളജുകള്‍ വരിക. ആദ്യഘട്ടത്തില്‍ 25 ആശുപത്രികളോട് ചേര്‍ന്നാവും ഇത് ആരംഭിക്കുക. ഈ വര്‍ഷം 20 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News