ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് സ്‌റ്റേ ഇല്ല

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ചൂണ്ടികാണിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കുളള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയിലെ ഹര്‍ജി. അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, മാധ്യമപ്രവര്‍ത്തകനായ എന്‍ റാം, തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹ്വ മൊയ്ത്ര എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്. ഡോക്യുമെന്ററിക്ക് നിരോധനം ഏര്‍പ്പെടുത്തിയത് പൗരന്റെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമെന്നാണ് ഹര്‍ജികളിലെ വാദം.

ഹൈക്കോടതിയെ സമീപിക്കാതെ എന്തുകൊണ്ടാണ് നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചെതന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിക്കാരോട് ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവായതിനാലാണ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സി യു സിങ് മറുപടി നല്‍കി. നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഡോക്യുമെന്ററി എല്ലാവര്‍ക്കും ലഭ്യമാണല്ലോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നടക്കുന്നത് വലിയ പ്രശ്‌നങ്ങളാണെന്ന് കോടതിയ്ക്ക് സി യു സിങ് മറുപടി നല്‍കി. അത് വേറെ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് കേസിന്റെ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

ഡോക്യുമെന്ററി നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ മൂന്നാഴ്ച്ചയ്ക്കകം കേന്ദ്രത്തോട് മറുപടി നല്‍കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഏപ്രില്‍ മാസത്തില്‍ സുപ്രീം കോടതി വീണ്ടും പരിഗണിക്കും. കേസില്‍ തീര്‍പ്പുണ്ടാകുന്നത് വരെ ഡോക്യുമെന്ററികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സ്‌റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. സ്‌റ്റേ ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

ബിബിസി തയാറാക്കിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതും പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. വിലക്ക് ലംഘിച്ച് യുവജന സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചത് പലയിടങ്ങളിലും വലിയ സംഘര്‍ഷങ്ങള്‍ക്കും കാരണമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News