പ്രവാസികളെ ചേർത്ത് പിടിക്കുന്ന ‘പ്രവാസി സൗഹൃദ ബജറ്റ്’

പ്രവാസി സമൂഹത്തെ ചേർത്ത് പിടിച്ച് സംസ്ഥാന ബജറ്റ്. കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക വികസനത്തിന്‌ ഏറെ സംഭാവനകൾ നൽകുന്ന പ്രവാസികൾക്ക് മുന്തിയ പരിഗണനയാണ് ബജറ്റിലുള്ളത്.

മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി രൂപയാണ് ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്‌മെന്റ് എന്ന പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന നിരക്കില്‍ ഒരു വര്‍ഷം ഒരു ലക്ഷം തൊഴില്‍അവസരങ്ങള്‍ സൃഷ്ട്ടിക്കുന്നതാണ് ഈ പദ്ധതി. ഇതിനായി അഞ്ചു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

വിമാനയാത്രാ ചെലവ് കുറക്കാൻ 15 കോടിയുടെ കോർപസ് ഫണ്ടും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ചാർട്ടേഡ് വിമാനങ്ങളിലെ യാത്രാ ചെലവ് യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കുന്നത്. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഈ ഫണ്ട് ഒരു അണ്ടർ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പുതിയ നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും ബജറ്റ് ഊന്നൽ നൽകുന്നുണ്ട്. ഇതിനായി വിവിധ പദ്ധതികളില്‍ 84.60 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതി, നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ഫോർ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സിന്റെ പ്രവർത്തനങ്ങൾക്കായി മാത്രം 25 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ വഴി പ്രവാസി ഭദ്രത എന്ന പേരിൽ നൽകും. സഹകരണ ബാങ്കുകൾ, ദേശസാൽകൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ എന്നിവ മുഖേന 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 25% മൂലധന സബ്സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും നൽകുന്ന ‘പ്രവാസി ഭദ്രത മൈക്രോ’ പദ്ധതി, കെഎസ്ഐഡിസി മുഖേന എം എസ് എം ഇ സംരംഭകർക്ക് 5% പലിശ നിരക്കിൽ 25 ലക്ഷം മുതൽ രണ്ടു കോടി വരെ വായ്പയായി നൽകുന്ന ‘പ്രവാസി ഭദ്രത മെഗാ’ എന്നീ പദ്ധതികളും ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്.

മടങ്ങിവന്ന പ്രവാസികൾക്കും, മരണമടഞ്ഞ മലയാളി പ്രവാസികളുടെ ആശ്രിതര്‍ക്കും സമയബന്ധിതമായി ധനസഹായം നല്‍കുന്ന ‘സാന്ത്വന പദ്ധതിക്ക്’ 33 കോടി രൂപ മാറ്റിവച്ചു. കേരള നോണ്‍റെസിഡന്റ് കേരളൈറ്റ്‌സ് ഫണ്ട് ബോര്‍ഡ് മുഖേനയുള്ള ക്ഷേമപദ്ധതികള്‍ക്കായി 15 കോടി രൂപ വകയിരുത്തി. എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സുകള്‍ക്ക് 60 ലക്ഷം രൂപയും വകയിരുത്തി.

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച 2023-24 വർഷത്തെ കേന്ദ്രബജറ്റിൽ നിന്ന് പ്രവാസികളെ പൂർണ്ണമായി ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനാസർക്കാർ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികളെ ചേർത്തുപിടിച്ചിരിക്കുന്നത്.
മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി രൂപയാണ് ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News