പശ്ചിമ ബംഗാളിൽ ഗവർണർ BJP പോരിൽ പാർട്ടി ദേശീയ നേതൃത്വം ഗവർണ്ണർക്കൊപ്പം. ഗവർണർ സി.വി ആനന്ദ ബോസിനെതിരെ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് സംസ്ഥാനത്തെ നേതാക്കളോട് BJP ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ BJP നേതാക്കൾക്ക് പാർട്ടി ദേശീയ നേതൃത്വം ഇക്കാര്യത്തിൽ അന്ത്യശാസനം നൽകിയിട്ടുണ്ട്.
പശ്ചിമബംഗാളിൽ ഗവർണ്ണറും BJP സംസ്ഥാന ഘടകവും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. ഗവർണർ സി വി ആനന്ദ ബോസിനെതിരെ നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ ബിജെപി ദേശീയ നേതൃത്വം വിലക്കിയിട്ടുണ്ട്. മുൻ ഗവർണറുടേതിൽ നിന്ന് വ്യത്യസ്തമായി ആനന്ദ ബോസും മമതയും തമ്മിൽ സഹകരിക്കുന്നതിൽ നേരത്തെ ബംഗാളിലെ ബിജെപി നേതാക്കൾ പരസ്യമായി എതിർപ്പ് അറിയിച്ചിരുന്നു.
കഴിഞ്ഞയാഴ്ച ദില്ലിയിലെത്തിയ സിവി ആനന്ദ ബോസ് വിഷയത്തിൽ BJP നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് സൂചന. പിന്നാലെയാണ് പാർട്ടി ദേശീയ നേതൃത്വം സംസ്ഥാനത്തെ നേതാക്കൾക്ക് കർശന നിർദേശം നൽകിയത്. BJP സംസ്ഥാന ഘടകത്തിന്റെ പരാതിയെ തുടർന്ന് ഗവർണറെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് വിളിപ്പിക്കുകയും വിവരങ്ങൾ തേടുകയും ചെയ്തിരുന്നെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. പിന്നാലെയാണ് പാർട്ടി ദേശീയ നേതൃത്വം ബംഗാൾ നേതാക്കൾക്ക് ഗവർണർക്കെതിരെ പരസ്യ പ്രതികരണം പാടില്ലെന്ന അന്ത്യശാസനം നൽകിയത്. രാജ്ഭവനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തരുത് എന്നും ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിലെ നേതാക്കളോട് ആവശ്യപ്പെട്ടു.ഗവർണർ മമത സർക്കാരിനെ പരിധി വിട്ട് സഹായിക്കുന്നുവെന്ന് സംസ്ഥാനനേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ BJP ദേശീയ നേതൃത്വം ഗവർണർക്കൊപ്പം നിലകൊള്ളുകയാണെന്ന് ഈ നിലപാടിൽ നിന്ന് വ്യക്തമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here