‘ക്ഷമ’ പരീക്ഷക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം ശുപാര്‍ശയില്‍ തീരുമാനം നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് വീണ്ടും സുപ്രീംകോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ജഡ്ജിമാരുടെ ഒഴുവുകള്‍ നികത്തുന്നതിലും സ്ഥലമാറ്റങ്ങള്‍ നടപ്പാക്കുന്നതിലും കേന്ദ്രം വരുത്തുന്ന വീഴ്ച വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.

കോടതികളെ പ്രതിസന്ധിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കടുത്ത തീരുമാനത്തിലേക്ക് പോകാന്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഇത് അതീവ ഗൗരവമുള്ള വിഷയമാണ്. മറ്റെന്തിനെക്കാളും ഗൗരവമുള്ള വിഷയമാണ്. വലിയ പ്രതിസന്ധികളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ അലംഭാവം സൃഷ്ടിക്കുന്നതെന്നും ജസ്റ്റിസ് എസ്.കെ.കൗള്‍ വിമര്‍ശിച്ചു.

കൊളീജിയം ശുപാര്‍ശയില്‍ ഇനിയും തീരുമാനം നീട്ടിക്കൊണ്ടുപോയാല്‍ ശക്തമായ നടപടിയിലേക്ക് സുപ്രീംകോടതി നീങ്ങുമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയോട് കോടതി പറഞ്ഞു. കഴിഞ്ഞ ജനുവരി 6നും ഇതേ വിഷയത്തില്‍ കേന്ദ്രത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. അഞ്ച് ഹൈക്കോടതി ജഡ്ജിമാരുടെ ശുപാര്‍ശയാണ് നിലവില്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ പരിഗണനയിലുള്ളത്.

കഴിഞ്ഞ ഡിസംബര്‍ 13നാണ് സുപ്രീംകോടതിയിലേക്ക് അഞ്ച് ജഡ്ജിമാരുടെ ശുപാര്‍ശ കൊളീജിയം കേന്ദ്രത്തിന് നല്‍കിയത്. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്താല്‍, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി.സഞ്ജയ് കുമാര്‍, പട്ന ഹൈക്കോടതി ജഡ്ജി അസനുദ്ദീന്‍ അമാനുള്ള, അലഹാബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നീ പേരുകളാണ് കൊളീജിയം കേന്ദ്രത്തിന് അയച്ചത്.

സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ ഈ പേരുകള്‍ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം ഉ‍ടന്‍ കേന്ദ്ര നിയമമന്ത്രാലയം എടുത്തേക്കുമെന്നാണ് സൂചന. ജഡ്ജിമാരുടെ നിയനത്തില്‍ കഴിഞ്ഞ കുറേകാലമായി സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ജഡ്ജിമാരുടെ നിയനത്തിനായി കൊളീജിയം അയക്കുന്ന എല്ലാ പേരുകളും അതുപോലെ അംഗീകരിക്കേണ്ട കാര്യമില്ലെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര നിയമമന്ത്രി വ്യക്തമാക്കിയിരുന്നു. പേരുകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാന്‍ കേന്ദ്രത്തിന് അവകാശമുണ്ടെന്നാണ് നിയമമന്ത്രിയുടെ നിലപാട്. ഇതിലൂടെ ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തോടുള്ള അവിശ്വാസം ആവര്‍ത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം, കേന്ദ്രം രാഷ്ട്രീയ താല്പര്യം വെച്ച് ജുഡൂഷ്യല്‍ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പ്രതിപക്ഷ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News