സൈന്യത്തിലേക്ക് പൗരന്മാരെ തെരഞ്ഞെടുക്കാനുള്ള അഗ്നിവീർ റിക്രൂട്ട്മെന്‍റ് രീതിയിൽ മാറ്റം വരുത്തി കരസേന. റിക്രൂട്ട്മെന്‍റിന്‍റെ ഭാഗമായി ഉദ്യോഗാർഥികളുടെ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്താനാണ് പുതിയ തീരുമാനം. തുടർ ഘട്ടങ്ങളിലായി ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയും നടത്തും. പുതിയ മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വിജ്ഞാപനം കരസേന പുറപ്പെടുവിച്ചു.
റിക്രൂട്ട്മെന്‍റ് ചെലവും ഉദ്യോഗസ്ഥ വിന്യാസവും കുറക്കുന്നതിന്‍റെ ഭാഗമായാണ് കരസേനയുടെ നടപടി. നിലവിലെ രീതി പ്രകാരം ആദ്യം ഉദ്യോഗാർത്ഥികളുടെ ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയുമായിരുന്നു നടത്തിയിരുന്നത്. സൈന്യത്തിലേക്ക് താല്‍ക്കാലിക റിക്രൂട്ട്മെന്റിന് വഴിയൊരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
സേനയുടെ ധാർമികതയെയും ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തലുണ്ടായി. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ നാല് വർഷത്തേക്ക് സൈന്യത്തിൽ റിക്രൂട്ട് ചെയ്യുന്നതാണ് പദ്ധതി. ഇതിൽ 25 ശതമാനം പേരെ നാല് വർഷത്തിന് ശേഷം സൈന്യത്തിൽ സ്ഥിരപ്പെടുത്തും. പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമായിരുന്നു. ചില സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ അക്രമാസക്തമാവുകയും ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here