പത്തനംതിട്ടയിലെ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചേര്‍ന്ന ആലോചനായോഗത്തില്‍ നിന്ന് ഒരു വിഭാഗം നേതാക്കള്‍ ഇറങ്ങിപ്പോയി. മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ ശിവദാസന്‍ നായര്‍, പി മോഹന്‍ രാജ്, ബാബു ജോര്‍ജ് തുടങ്ങിയവരാണ് യോഗം ബഹിഷ്‌കരിച്ചത്. ഭാരവാഹിപ്പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്.
പാര്‍ട്ടിയിലെ അതൃപ്തിയുള്ളവരെയും സംഘടനാ നടപടി സ്വീകരിച്ചവരെയും പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ശിവദാസന്‍ നായര്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ല എന്ന നിലപാടാണ് യോഗത്തില്‍ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവും DCC പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും സ്വീകരിച്ചത്.
കെ.പി.സി.സി നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്ന ശിവദാസന്‍ നായരുടെ നിര്‍ദ്ദേശവും തള്ളിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. തുടര്‍ന്നാണ് മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ ശിവദാസന്‍ നായര്‍, പി മോഹന്‍ രാജ്, ബാബു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
കെ.പി.സി.സി. ജനറല്‍ സെക്രടറി എം.എം. നസീര്‍, അടൂര്‍ പ്രകാശ്, പി.ജെ കുര്യന്‍ തുടങ്ങിയ പ്രധാന നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായാണ് ചര്‍ച്ചകള്‍ നടന്നതെന്ന് ശിവദാസന്‍ നായര്‍ക്കൊപ്പം പുറത്ത് വന്ന മോഹന്‍ രാജും ബാബു ജോര്‍ജും പറഞ്ഞു. മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ പുനഃസംഘടനയില്‍ അമിതമായി ഇടപെടുന്നതായും ഇവര്‍ ആരോപിച്ചു. എന്നാല്‍ യോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ നേതാക്കളാരും ഇതുവരെ തയ്യാറായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here