ഇടുക്കിയിലെ കാട്ടാന ശല്യം; വയനാട്ടില്‍ നിന്നും ദ്രുതകര്‍മ്മ സേനയെത്തി

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ വയനാട്ടില്‍ നിന്നും ദ്രുതകര്‍മ്മ സേനയെത്തി. വയനാട് ആര്‍ആര്‍ടി റെയ്ഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ അപകടകാരികളായ ആനകളെ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ദൗത്യം.

മതികെട്ടാന്‍ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് വയനാട്ടില്‍ നിന്നും പ്രത്യേക ദൗത്യസംഘം എത്തിയത്. വനം വകുപ്പ് വാച്ചര്‍മാരുടെ സഹായത്തോടെ സംഘം മേഖലയില്‍ നിരീക്ഷണം നടത്തും. അരിക്കൊമ്പന്‍, മൊട്ടവാലന്‍, ചക്കക്കൊമ്പന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഒറ്റക്കൊമ്പന്മാര്‍ പതിവായി സഞ്ചരിയ്ക്കുന്ന പാതകള്‍ കണ്ടെത്തും. ഒപ്പം ഇവയുടെ സ്വഭാവ സവിശേഷതകളും വിലയിരുത്തും. അതിനുശേഷം വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡോ. അരുണ്‍ സക്കറിയക്കും ദ്രുതകര്‍മ്മ സേനയുടെ റിപ്പോര്‍ട്ട് കൈമാറും. അപകടകാരികളായ ആനകളെ തളയ്ക്കാനുള്ള പദ്ധതിയും തയ്യാറാക്കും.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഒറ്റയാന്‍മാരും കാട്ടാനക്കൂട്ടങ്ങളും ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാശം വിതയ്ക്കുന്നത് പതിവാണ്. കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍ രണ്ടാഴ്ച്ച മുന്‍പ് കൊല്ലപ്പെട്ടിരിന്നു. കാട്ടാനകളുടെ സാന്നിധ്യം പ്രദേശവാസികളെ അറിയിക്കുന്നതിനും ആനകളെ കാട്ടിലേക്ക് തുരത്തുന്നതിനുമെല്ലാം മുന്നിട്ടിറങ്ങിയിരുന്ന വനം വകുപ്പ് വാച്ചറായിരുന്നു ശക്തിവേല്‍.

ആനകളുടെ ആക്രമണത്തില്‍ ഇടുക്കിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരുപാട് പേരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഏക്കര്‍ കണക്കിന് കൃഷിയും എല്ലാ വര്‍ഷവും കാട്ടാനകള്‍ നശിപ്പിക്കുന്നുണ്ട്. അതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News