സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ട 5 ജഡ്ജിമാര്‍ ഇവരൊക്കെയാണ്

സുപ്രീംകോടതിയില്‍ അഞ്ച് പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പട്ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്സാനുദ്ദീന്‍ അമാനുള്ള, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി നിശ്ചയിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. പുതിയ ജഡ്ജിമാര്‍ തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.

സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ട അഞ്ച് ജഡ്ജിമാര്‍

പങ്കജ് മിത്തല്‍, ചീഫ് ജസ്റ്റിസ്, രാജസ്ഥാന്‍ ഹൈക്കോടതി

ജസ്റ്റിസ് പങ്കജ് മിത്തല്‍ 1982-ല്‍ അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും മീററ്റ് കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി മിത്തലിനെ നിയമിച്ചു. നേരത്തെ ജമ്മു കശ്മീരിലെയും ലഡാക്കിലെയും ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം. മുമ്പ് അലഹബാദ് ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഞ്ജയ് കരോള്‍, ചീഫ് ജസ്റ്റിസ്, പട്ന ഹൈക്കോടതി

ഷിംലയില്‍ ജനിച്ച ജസ്റ്റിസ് സഞ്ജയ് കരോള്‍ ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയില്‍ നിന്നാണ് നിയമബിരുദം നേടിയത്. കരോള്‍ മുമ്പ് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയും ആക്ടിംഗ് ചീഫ് ജസ്റ്റിസുമായിരുന്നു കരോള്‍. 2019 നവംബര്‍ 11ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അദ്ദേഹത്തെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്.

പി വി സഞ്ജയ് കുമാര്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍ 2021 ഫെബ്രുവരി 14ന് മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. ഹൈദരാബാദില്‍ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനും ബിരുദത്തിനും ശേഷം കുമാര്‍ 1988ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടുകയും ബാര്‍ കൗണ്‍സിലില്‍ ചേരുകയും ചെയ്തു. 2000നും 2003നും ഇടയില്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ച അദ്ദേഹം 2008ല്‍ തെലങ്കാന ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു. മുമ്പ് പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അഹ്‌സനുദ്ദീന്‍ അമാനുള്ള, പട്‌ന ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള പട്‌ന ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. പട്‌ന ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്, ജസ്റ്റിസ് അമാനുള്ളയെ 2021 ഒക്ടോബറില്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ജൂണില്‍ പട്‌ന ഹൈക്കോടതിയിലേക്ക് വീണ്ടും അദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നു.

മനോജ് മിശ്ര, അലഹബാദ് ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് മനോജ് മിശ്ര 1988-ല്‍ അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയതിനുശേഷം സിവില്‍, റവന്യൂ, ക്രിമിനല്‍, ഭരണഘടനാ വിഷയങ്ങളില്‍ പ്രാക്ടീസ് ചെയ്തു. 2011 നവംബര്‍ 21-ന് അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി ഉയര്‍ത്തി. അന്നു മുതല്‍ 2013 ഓഗസ്റ്റ് 6-ന് അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അദ്ദേഹത്തെ സ്ഥിരപ്പെടുത്തുന്നത് വരെ ആ സ്ഥാനത്ത് തുടര്‍ന്നു. അതിന് ശേഷം അദ്ദേഹം അലഹബാദ് ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചു വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News