ഓഹരി വിപണിയിലെ തകർച്ചയ്ക്ക് പിന്നാലെ അയൽ രാജ്യങ്ങളിൽ അദാനി ഗ്രൂപ്പ് പങ്കാളിയായ വികസന പദ്ധതികളും പ്രതിസന്ധിയിൽ. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ അടക്കമുള്ള രാജ്യങ്ങളാണ് ആശങ്കയിൽ തുടരുന്നത്. അദാനി പ്രതിസന്ധി നയതന്ത്രത്തിൽ പ്രശ്നമാകുമോ എന്ന പേടി ഇന്ത്യക്കുമുണ്ട്.
ഇന്ത്യൻ ഭരണകൂടത്തിന് പ്രിയപ്പെട്ടവരെന്ന് കരുതി സ്വീകരിച്ചിരുത്തിയപ്പോൾ ഇങ്ങനെ ഒരു അക്കിടി പറ്റുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. അദാനി പ്രതിസന്ധി കടുക്കുന്നതോടെ ഇന്ത്യയിലെ പദ്ധതികൾ മാത്രമല്ല, ഇന്ത്യൻ സർക്കാരിനെ വിശ്വസിച്ച് അദാനിക്ക് നൽകിയ അയൽ രാജ്യങ്ങളുടെ അഭിമാന പദ്ധതികളുടെയും ഭാവി തുലാസിലാവുകയാണ്.
ബംഗ്ലാദേശിന് വൈദ്യുതി നൽകാനുള്ള ഒരു പ്രധാനപ്പെട്ട പദ്ധതി അദാനി തകർച്ച മൂലം ആറുമാസത്തോളം വൈകും എന്നാണ് റിപ്പോർട്ട്. കൊളംബോ തുറമുഖത്തിൻ്റെ ഭാഗമായുള്ള വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ, ഗൾഫ് ഓഫ് മാന്നാറിൽ 500 മെഗാവാട്ട് കാറ്റാടിപ്പാടം എന്നീ പദ്ധതികൾ ശ്രീലങ്കയിൽ നിർമാണത്തിലിരിക്കുന്നവയാണ്. നേപ്പാളിലെ ജലവൈദ്യുത പദ്ധതികളിൽ നിന്ന് ട്രാൻസ്മിഷൻ ലൈനുകൾ വലിക്കുന്നതും അദാനി തന്നെ. ഈ പദ്ധതിയിലൂടെ ഭാവിയിൽ ഭൂട്ടാനെയും ഇന്ത്യയെയും ശ്രീലങ്കയെയും ബംഗ്ലാദേശിനെയും കൂട്ടിയിണക്കി സൗത്ത് ഏഷ്യൻ റിന്യൂവബിൾ എനർജി ഗ്രിഡ് നിർമിക്കുന്നതും സ്വപ്നത്തിലുള്ളതാണ്.
അയൽ രാജ്യങ്ങളിലെ പദ്ധതികളിൽ ഭൂരിഭാഗവും നരേന്ദ്രമോദിയുമായുള്ള സൗഹൃദം ഉപയോഗിച്ച് അദാനി നേടിയെടുത്തതാണെന്ന് അവിടെ നിന്ന് തന്നെ വിമർശനം ഉയരുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീനയെയും ശ്രീലങ്കൻ മുൻ പ്രസിഡണ്ട് ഗോതബയ രജപക്സെയെയും ഗൗതം അദാനി സന്ദർശിച്ചിരുന്നു. മ്യാൻമർ മുതൽ ഇൻഡോനേഷ്യ വരെയുള്ള മറ്റ് രാജ്യങ്ങളിൽ അദാനി കുടുംബത്തിലെ മറ്റ് അംഗങ്ങളായിരുന്നു സന്ദർശകർ. ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളെ അദാനിയുടെ കൽക്കരി കൂടിയ വിലയ്ക്ക് വാങ്ങാൻ നിർബന്ധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അദാനിയുടെ വില തകർച്ച കടുക്കുന്നതോടെ അവതാളത്തിൽ ആകുന്ന പദ്ധതികൾ ഇന്ത്യൻ നയതന്ത്രത്തെയും പ്രതിസന്ധിയിൽ ആക്കുമോ എന്ന ആശങ്ക വിദേശകാര്യമന്ത്രാലയത്തിനുണ്ട്. പദ്ധതികളുടെ തടസ്സം നയതന്ത്രത്തെ ബാധിക്കില്ലെന്ന ഇന്ത്യൻ ആത്മവിശ്വാസത്തിന് മുകളിലൂടെയാണ് അദാനിക്ക് മേൽ അയൽ രാജ്യങ്ങളുടെ നിരീക്ഷണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here