പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന്. പൂർണ ഔദ്യോഗിക ബഹുമതികളോടെ ഉച്ചയ്ക്ക് 2ന് ബസന്ത് നഗർ ശ്‌മശാനത്തിലാവും സംസ്കാരം നടക്കുക. അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരകണക്കിന് ആളുകളാണ് വാണി ജയറാമിന്റെ ചെന്നൈയിലെ നുങ്കാമ്പക്കത്തെ വസതിയിൽ എത്തുന്നത്.
ഇപ്പോഴിതാ വാണി ജയറാമിനെ അനുസ്മരിച്ചുകൊണ്ട് നടൻ മനോജ് കെ. ജയൻ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണിപ്പോൾ. ‘മല്ലിഗൈ എൻ മന്നൻ മയങ്കും’എന്ന സൂപ്പർ ഹിറ്റ് തമിഴ് ഗാനം കേട്ട നാൾ മുതൽ തോന്നിയ കടുത്ത ആരാധനയാണ് വാണിയമ്മയോടുള്ളതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അതിപ്രശസ്തയായ ലെജന്ററി ഗായിക വാണി ജയറാം വിടവാങ്ങി. മലയാളത്തിലും, തമിഴിലും, തെലുങ്കിലും, കന്നടത്തിലും നിരവധി ഹിറ്റ് ഗാനങ്ങളാണ് അവർ സമ്മാനിച്ചത്. തന്റെ അച്ഛന്റെ സംഗീതത്തിലും വാണിയമ്മ പാടിയിട്ടുണ്ട്. അവരുടെ വിയോഗം സംഗീത ലോകത്തിന് കനത്ത നഷ്ടമാണെന്നും അദ്ദേഹം കുറിച്ചു.
പ്രിയ ഗായികയുടെ വേർപ്പാട് അംഗീകരിക്കാൻ സംഗീത ലോകത്തിനായിട്ടില്ല. വാണിയമ്മ പോയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് പല ഗായകരും പറയുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകരായ കെ എസ് ചിത്രയും, സുജാതയും വാണിയമ്മയെ ഓർത്തു കൊണ്ട് പോസ്റ്റ് പങ്കുവച്ചു.
“വാണിയമ്മ പോയെന്ന് ഇതുവരെ എനിക്ക് വിശ്വസിക്കാനായിട്ടില്ല. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഞങ്ങൾ സംസാരിച്ചത്. ജനുവരി 28 ന് ഞങ്ങൾ കണ്ടു. ചെന്നൈയിൽ നടന്ന ഒരു സംഗീതം പരിപാടിലെ മുഖ്യാതിഥിയായിരുന്നു വാണിയമ്മ. അതുല്യ പ്രതിഭ. ശാസ്ത്രീയ അടിസ്ഥാനമുള്ള വ്യക്തി. വിവിധ ഭാഷകളിൽ അനായാസമായി ഗാനങ്ങൾ ആലപിക്കുന്നു” ചിത്ര കുറിച്ചു.
“വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണിത്. കഴിഞ്ഞ ആഴ്ചയാണ് പത്മഭൂഷൻ നൽകി ആദരിച്ചത്. വാണിയമ്മയുടെ സംഗീതം എക്കാലവും നിലനിൽക്കും” സുജാത കുറിച്ചതിങ്ങനെയാണ്.
സ്വപ്നം എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണിയെ മലയാളത്തിലേക്ക് എത്തിക്കുന്നത്.എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങിയ വാണി തമിഴ്നാട്ടിലെ വെല്ലൂരിലാണ് ജനിച്ചത്.സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരാണ് കർണാടക സംഗീതത്തിലെ ഗുരുക്കന്മാർ. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനാണ്.
ചിത്രഗുപ്ത്, നൗഷാദ് , മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയ ഇതിഹാസ സംഗീതജ്ഞര്‍ക്കായി വാണി പാടി. മുഹമ്മദ് റാഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം വാണിയുടെ മധുരസ്വരം ആസ്വാദകര്‍ പലതവണ കേട്ടു. 1974-ൽ ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് വാണി ദക്ഷിണേന്ത്യൻ ഭാഷകളിലും സജീവമായത്. എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ എന്നീ നിരവധി സംഗീതജ്ഞരുടെ ഇഷ്ടഗായികയായിരുന്നു വാണി.ഏതോ ജന്മകൽപനയിൽ, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ഓലഞ്ഞാലിക്കുരുവി, തിരയും തീരവും എന്നിവയെല്ലാം അവരുടെ ഹിറ്റ് ഗാനങ്ങളാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here