ആന്തരികാവയങ്ങളെ ബാധിക്കുന്ന അമിലോഡോസിസ് രോഗത്തെ നേരിട്ട് ദുബായിലെ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയായിരുന്നു 79-ാം വയസിൽ പര്‍വേസ് മുഷറഫിന്റെ അന്ത്യം. 2007ല്‍ ഭരണഘടന മരവിപ്പിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കേസില്‍ മുഷറഫിനെ പാക് കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിലും മുഷറഫിനെതിരെ കോടതി വിധികളുണ്ട്.
ഇതോടെ പാകിസ്ഥാന്‍ വിട്ട മുഷറഫ് കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി ദുബായിലാണ് താമസിക്കുന്നത്. മൃതദേഹം പാകിസ്ഥാനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ബന്ധുക്കള്‍ നടത്തുന്നു എന്നാണ് സൂചന. എന്നാല്‍ ഇതേകുറിച്ച് സ്ഥിരീകരണങ്ങളില്ല.
1999ലെ കാര്‍ഗില്‍ യുദ്ധത്തിന്‍റെ സൂത്രധാരന്‍ കൂടിയായിരുന്നു പവര്‍വേസ് മുഷറഫ്. പാകിസ്ഥാന്‍ ആര്‍മിയുടെ മേധാവിയായിരുന്നു അന്ന് മുഷറഫ്. മുഷറഫിന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പാക് പട്ടാളം കാര്‍ഗിലില്‍ നുഴഞ്ഞുകയറ്റം നടത്തിയത്. ശ്രീനഗറിനെയും ലേയെയും ബന്ധിപ്പിക്കുന്ന പ്രദേശം അന്ന് പാക് പട്ടാളം പിടിച്ചു. മൂന്ന് മാസത്തോളം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ പാക് പട്ടാളത്തെ ഇന്ത്യന്‍ സേന തുരത്തി.
പാക് സൈന്യം പിടിച്ച ടൈഗര്‍ ഹില്‍ ഉള്‍പ്പടെയുള്ള നിര്‍ണായക കേന്ദ്രങ്ങളെല്ലാം ഇന്ത്യ തിരിച്ചുപിടിച്ചു. കാര്‍ഗിലിലേക്ക് പാക് പട്ടാളം നുഴഞ്ഞുകയറിയതിന് തൊട്ടുമുമ്പ് പര്‍വേസ് മുഷറഫും പട്ടാള സംഘവും നിയന്ത്രണ രേഖ കടന്നിരുന്നു. നിയന്ത്രണ രേഖ കടന്ന് 11 കിലോമീറ്റര്‍ ഇന്ത്യഭാഗത്തേക്ക് മുഷറഫും പട്ടാള സംഘവും ഹെലികോപ്റ്ററില്‍ എത്തിയതായും ഇന്ത്യന്‍ ഗ്രാമത്തില്‍ രാത്രി ചിലവഴിച്ചതായും അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
ഒരു കരസേന മേധാവി എന്ന നിലയില്‍ ധീരമായ നീക്കമാണ് പര്‍വേസ് മുഷറഫ് നടത്തിയതെന്ന് ഇന്ത്യയുടെ കരസേന മേധാവിയായിരുന്ന ജനറല്‍ വി.കെ.സിംഗ് പറഞ്ഞിരുന്നു. മുഷറഫിനെ തിരിച്ചുപോകാന്‍ അനുവദിച്ചത് ഇന്ത്യക്ക് പറ്റിയ പിഴവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം പാകിസ്ഥാനിലെ ഏറ്റവും കരുത്തനായ പട്ടാള മേധാവിയും പ്രസിഡന്‍റുമൊക്കെയായി മുഷറഫ് മാറി.
സിവിൽ സർവീസുകാരനായിരുന്ന സയ്യിദ് മുഷറഫുദ്ദീന്റെ മകനായി1943 ഓഗസ്‌റ്റ് 11ന് ദില്ലിയിലായിരുന്നു മുഷറഫിന്‍റെ ജനനം. അദ്ധ്യാപികയായിരുന്നു അമ്മ. വിഭജനത്തെ തുടർന്നാണ് പർവേസ് മുഷറഫിന്‍റെ കുടുംബം പാകിസ്ഥാനിലേക്ക് പോയത്. 1964ൽ 18-ാം വയസ്സില്‍ പാക് സൈനിക സർവീസിലെത്തി. രണ്ടു വട്ടം ബ്രിട്ടൻ സൈന്യത്തിൽ പരിശീലനം നേടി. 1965-ലെ ഇന്ത്യ – പാക് യുദ്ധത്തിൽ സെക്കൻഡ് ലഫ്‌റ്റനന്റായിരുന്നു. 1971ലെ ഇന്ത്യ – പാക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയന്റെ കമ്പനി കമാൻഡറായിരുന്ന പർവേസ് മുഷറഫിന് അന്ന് നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ ലഭിച്ചു.
പട്ടാള അട്ടിമറിയിലൂടെ 1999 ഒക്ടോബറിൽ 13ന് അധികാരം പിടിച്ചെടുത്ത മുഷറഫ് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ തടവിലാക്കി. തുടർന്ന് 2001 വരെ അദ്ദേഹം പാകിസ്ഥാൻ പ്രതിരോധസേനയുടെ സമ്പൂർണമേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നൽകി. 2001 ജൂണിൽ കരസേനമേധാവി എന്ന സ്ഥാനം നിലനിർത്തി അദ്ദേഹം പാകിസ്ഥാന്‍റെ പ്രസിഡന്‍റായി. പാകിസ്ഥാന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ 2001ല്‍ മുഷറഫ് ഇന്ത്യ സന്ദര്‍ശനവും നടത്തിയിട്ടുണ്ട്. 2008വരെ പാകിസ്ഥാന്‍ ഭരണാധികാരിയായി മുഷറഫ് തുടര്‍ന്നു.
2007 മുതല്‍ മുഷറഫിന്‍റെ രാഷ്ട്രീയ-സൈനിക കരുത്ത് ഇടിയാന്‍ തുടങ്ങി. ജനകീയ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടിവന്നു. ഇതോടെ ഭരണഘടന മരവിപ്പിച്ച് പാകിസ്ഥാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇതടക്കമുള്ള നടപടികള്‍ മുഷറഫിന്‍റെ കസേര തന്നെ തെറുപ്പിച്ചു. ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവും മുഷറഫിനേറ്റ വലിയ തിരിച്ചടിയായി. 2008ല്‍ ഇംപീച്ച്മെന്‍റ് പ്രമേയത്തിന് തൊട്ടുമുമ്പ് മുഷഫറ് പാക് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. ഇതോടെ രാജ്യം വിട്ട മുഷറഫ് 2013ലാണ് പാകിസ്ഥാനിലേക്ക് തിരിച്ചെത്തിയത്.
എട്ട് വര്‍ഷം മുമ്പ് സ്ഥിരതാമസം ദുബായിലേക്ക് മാറ്റി. 2019ല്‍ പാക് പ്രത്യേക കോടതി മുഷറഫിനെ വധശിക്ഷക്ക് വിധിച്ചു. 2007ല്‍ ഭരണഘടന മരവിപ്പിച്ച് പാകിസ്ഥാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കുറ്റത്തിനായിരുന്നു വധശിക്ഷ. ഇതുള്‍പ്പടെ നിരവധി കേസുകളിൽ മുഷറഫ് ശിക്ഷാവിധികള്‍ നേരിടുന്നുണ്ട്. ഇതോടെ പാകിസ്ഥാനിലേക്ക് പോകാനാകാത്ത അവസ്ഥയിലായി. അതിനിടയിലാണ് അവയവങ്ങളെ ബാധിക്കുന്ന രോഗത്തിന് കൂടി അടിമയായത്. പാകിസ്ഥാന്‍ കണ്ട ശക്തരായ ഭരണാധികാരികളില്‍ ഒരാളായിരുന്നു പര്‍വേഷ് മുഷറഫ് എന്നതില്‍ സംശയമില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here