വാണി ജയറാമിന് വിടചൊല്ലി സംഗീതലോകം. കലൈവാണി എന്ന ഗായിക ഇനി ഓർമ. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗര്‍ ശ്‌മശാനത്തില്‍ നടന്നു. സംഗീതലോകത്തെയും ചലച്ചിത്രലോകത്തെയും നിരവധി ആളുകളാണ് തങ്ങളുടെ പ്രിയ ഗായികയെ അവസാനമായി ഒരുനോക്കുകാണുവാൻ എത്തിയത്. പാടിയ പാട്ടുകളെല്ലാം ആരാധകരുടെ ചുണ്ടികളിലും ഹൃദയത്തിലും ഇടം പിടിച്ചവ. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു, ഈ വർഷം രാജ്യം നൽകിയ പത്മഭൂഷൺ പുരസ്കാരത്തിന്റെ പ്രഭയും പേറിയാണ് രാജ്യത്തിന്റെ മധുരവാണി വിടവാങ്ങുന്നത്.
അമ്മയിൽ നിന്നു തന്നെ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ ഹൃദ്യസ്ഥമാക്കി. അഞ്ചാം വയസിൽ ദീക്ഷിതർ കൃതികൾ പഠിച്ചു. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. വിവാഹ ശേഷം മുംബൈയിൽ താമസമാക്കിയതോടെയാണു സിനിമാ സംഗീതത്തിന്റെ വഴിയിലേക്കു വന്നത്. ഇക്കണോമിക്സിൽ ബിരുദം നേടിയ വാണിക്ക് എസ്ബിഐയിൽ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇൻഡോ ബൽജിയം ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്.
മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി അങ്ങനെ ഇരുപതോളം ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകളാണ് വാണിയമ്മ സമ്മാനിച്ചത്. അഞ്ച് പതിറ്റാണ്ടുകൾക്കു മുൻപ് ‘ഗുഡി’ എന്ന സിനിമയിലൂടെ പ്രശസ്ത സംഗീത സംവിധായകൻ വസന്ത് ദേശായിയാണ് വാണിയെ സിനിമയിലേക്ക് കൈപിടിച്ച് ആനയിച്ചത്. പിന്നീട് ബോളിവുഡിലെ മുൻനിര സംഗീത സംവിധായകരൊക്കെ ആ മധുരവാണിയെ കൊണ്ട് പാടിച്ചു. ചെന്നൈയിലേക്കു താമസം മാറിയതോടെ മലയാളത്തിനും തമിഴിനും തെലുങ്കിനും ഭാഗ്യമായി.
ഏറെ വർഷങ്ങൾക്കു ശേഷമാണ് ‘1983’ എന്ന സിനിയിലൂടെ ആ പെൺസ്വരം മലയാളത്തിൽ തിരിച്ചെത്തിയത്. അതും വാണിയെപ്പോലെ സ്വരത്തിൽ ഇപ്പോഴും ചെറുപ്പം സൂക്ഷിക്കുന്ന ജയചന്ദ്രനൊപ്പം. ഓലഞ്ഞാലി കുരുവിയും പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേയും ആക്ഷൻ ഹീറോ ബിജുവിലെ പൂക്കൾ പനിനീർ പൂക്കൾ എന്നിവയുമായി വീണ്ടും വിസ്മയിപ്പിച്ചു.
അതേസമയം, വാണി ജയറാമിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് തമിഴനാട് പൊലീസ് അറിയിച്ചു. തലക്കേറ്റ മുറിവാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി.ഭര്‍ത്താവിന്റെ മരണശേഷം മൂന്നു വര്‍ഷമായി ഒറ്റയ്‌ക്കായിരുന്നു താമസം. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്നപ്പോള്‍ തലയില്‍ മുറിവോടെ തറയില്‍ കിടക്കുന്ന നിലയിലാണ് വാണി ജയറാമിനെ കണ്ടെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here