നരേന്ദ്ര മോദിയോട് സഹകരിക്കും; കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തോട് മാപ്പു പറയുമെന്നും അനില്‍ ആന്റണി

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്ന് അനില്‍ കെ ആന്റണി. ഇന്ത്യയെ ദുര്‍ബലപ്പെടുത്താനാണ് ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ തനിക്കെതിരെ നിന്നവര്‍ ശ്രമിച്ചത്. തനിക്കെതിരെ ഉണ്ടായ എതിര്‍പ്പ് ആസൂത്രിതമായ നീക്കത്തിന്റെ
ഭാഗമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളുടെ പേര് പറയുന്നില്ല. വിഘടനവാദികളുടെ  മാധ്യമസ്ഥാപനമായ ബിബിസിയുടെ കൂടെ നിന്ന് രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അത് വഴി ഇന്ത്യയെ ദുര്‍ബലപ്പെടുത്താനും ശ്രമിച്ചവരാണ് തന്നെ വളഞ്ഞിട്ട് ആക്രമിച്ചത്. അവര്‍ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന ഒരു കാലം വരുമെന്നും അനില്‍ ആന്റണി പറഞ്ഞു.

രാജ്യതാല്പര്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ ആരുമായും സഹകരിച്ച് പ്രവര്‍ത്തിക്കും. ബിജെപിയില്‍ ചേരില്ല. അത്തരം പ്രചരണം അസംബന്ധമാണെന്നും അനില്‍ വ്യക്തമാക്കി. അതേസമയം ഇന്നത്തെ കോണ്‍ഗ്രസുമായി സഹകരിക്കാനാവില്ല. രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും എതിര്‍ത്തവരാണ് തന്നെയും എതിര്‍ത്തതെന്ന് അനില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തിരുവനന്തപുരം എംപി ശശി തരൂരിന് അര്‍ഹതയുണ്ട്. അദ്ദേഹമതിന് യോഗ്യനുമാണ്. പക്ഷേ തരൂരിനോട് പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടില്‍ താന്‍ നിരാശനാണ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക്  തരൂര്‍ മത്സരിച്ചപ്പോള്‍ താന്‍ തരൂരിന് പിന്തുണ പ്രഖ്യാപിച്ചതില്‍ ചിലര്‍ക്കെല്ലാം അതൃപ്തിയുണ്ടായിട്ടുണ്ട്. അതും തനിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് കാരണമായി എന്നും അനില്‍ ആന്റണി പറഞ്ഞു.

അതേസമയം അനില്‍ ആന്റണിയെ പുറത്താക്കേണ്ട കാര്യമില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. തെറ്റ് ആര്‍ക്കും പറ്റുമെന്നും തനിക്കും തെറ്റ് പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ട കാര്യമില്ല. യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അനില്‍ ആന്റണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള ആവശ്യം യൂത്ത് കോണ്‍ഗ്രസ് ഉന്നയിക്കുന്നതിനിടയിലാണ് കെപിസിസി അധ്യക്ഷന്റെ പുതിയ പരാമര്‍ശം.

ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ബിബിസി ഡോക്യുമെന്ററിയിലെ വെളിപ്പെടുത്തല്‍ എന്ന അനില്‍ ആന്റണിയുടെ പ്രതികരണം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബിബിസിയേക്കാള്‍ സുപ്രീം കോടതിയടക്കമുള്ള രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്റണി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കാന്‍ മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകന്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.എന്നാല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമടക്കം ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍ എന്ന ബിബിസി ഡോക്യുമെന്ററിയിലെ വെളിപ്പെടുത്തലിനെ അനുകൂലിക്കുന്നതിനിടെയാണ് അനില്‍ ആന്റണി അതിനെതിരെ രംഗത്ത് വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News