ഒരിക്കല്‍ ശത്രുവായിരുന്ന, അന്തരിച്ച മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് സമാധാനവാദിയായി മാറി എന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
‘ മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു. ഒരിക്കല്‍ ഇന്ത്യയുടെ പ്രധാന ശത്രുവായിരുന്നു അദ്ദേഹം. 2002-2007 കാലഘട്ടത്തില്‍ സമാധാനത്തിനായി പ്രവര്‍ത്തിച്ച യഥാര്‍ഥ ശക്തിയായി അദ്ദേഹം മാറി. ആ കാലഘട്ടത്തില്‍ ഐക്യരാഷ്ട്രസഭയില്‍ വെച്ച് മിക്കപ്പോഴും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹം പ്രവര്‍ത്തന മേഖലകളില്‍ വളരെ സജീവവും ഊര്‍ജസ്വലനുമായിരുന്നു. തന്ത്രപ്രധാന നിലപാടുകളില്‍ വ്യക്തത പുലര്‍ത്തിയിരുന്നു’ എന്നും മുഷറഫിന് അനുശോചനം രേഖപ്പെടുത്തി തരൂര്‍ കുറിച്ച ട്വീറ്റിനെതിരെയാണ് രാജീവ് ചന്ദ്രശേഖര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് ഒട്ടേറെപ്പേരെ കൊലപ്പെടുത്തിയാലും ചില ജനറല്‍മാര്‍ക്ക് ഇന്ത്യയില്‍ ആരാധകരുണ്ടാകുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം. തരൂരിന്റെ അനുശോചന കുറിപ്പിലെ വാചകങ്ങള്‍ ഉപയോഗിച്ചാണ് കേന്ദ്രമന്ത്രി അദ്ദേഹത്തെ കുറ്റപ്പെടുത്തിയത്. ‘കരുത്തരായ പാക്ക് സ്വേച്ഛാധിപതി ജനറല്‍മാര്‍ക്ക് സമാധാനത്തിനുള്ള ശക്തി’യാകാനും ‘സുവ്യക്തമായ തന്ത്രപ്രധാന ചിന്ത’ രൂപപ്പെടുത്താനും ആവശ്യം സൈനിക അട്ടിമറിയാണ് എന്ന് രാജീവ് ചന്ദ്രശേഖര്‍ തരൂരിനെ പരിഹസിച്ചു കൊണ്ട് ട്വിറ്ററില്‍ കുറിച്ചു.
തരൂരിന്റെ കുറിപ്പിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി വക്താവ് ഷഹ്സാദ് പൂനവല്ലയും രംഗത്തെത്തി. ശശി തരൂരും കോണ്‍ഗ്രസും പാക് അഭ്യുദയകാംക്ഷികളാണെന്ന് പൂനവല്ല ആരോപിച്ചു. പര്‍വേസ് മുഷറഫ് കാര്‍ഗില്‍ യുദ്ധത്തിന്റെ ശില്പിയും സ്വേച്ഛാധിപതിയും ഹീനമായ കുറ്റകൃത്യങ്ങളില്‍ പ്രതിയാണെന്നും ഷഹ്‌സാദ് പൂനവല്ല ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.
താലിബാനെയും ഒസാമയെയും അദ്ദേഹം സഹോദരന്മാരായും വീരന്മാരായും കണക്കാക്കി. മരിച്ച സ്വന്തം സൈനികരുടെ മൃതദേഹം തിരികെ വാങ്ങാന്‍ വിസമ്മതിച്ചവരെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. ഒരു കാലത്ത് രാഹുല്‍ ഗാന്ധിയെ മാന്യനെന്ന് മുഷറഫ് പുകഴ്ത്തിയിരുന്നു, ഒരുപക്ഷേ ഈ മുഷറഫ് കോണ്‍ഗ്രസിന് പ്രിയപ്പെട്ടവനാകും എന്നും ഷഹ്സാദ് പൂനവല്ല കുറ്റപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here