ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ച ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍. ചിത്രത്തിലെ നായിക ദീപിക പദുകോണ്‍ ‘ബെഷറം രംഗ്’ എന്ന പാട്ടില്‍ കാവി നിറത്തിലുള്ള ബിക്കിനിയിട്ട് ചുവടുവെച്ചത് വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിനെതിരെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചിത്രം ബഹിഷ്‌കരിക്കുമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ ഗാനരംഗത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യോഗി ചിത്രത്തിനും അതിലെ ഗാനത്തിനെതിരെയും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഒരു സിനിമ ചെയ്യുമ്പോള്‍ വിവാദങ്ങളോ ജനവികാരം വ്രണപ്പെടുത്തുന്നതോ ആയ രംഗങ്ങള്‍ ഉണ്ടോ എന്നുള്ള കാര്യം സംവിധായകന്‍ കൂടി കണക്കിലെടുക്കണം അഭിമുഖത്തില്‍ യോഗി പറഞ്ഞു.
ഭൂരിഭാഗം വരുന്ന ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ സിനിമ ചെയ്യാതിരിക്കാന്‍ ചിത്രത്തിലെ നായകന്മാരും നായികമാരും ശ്രദ്ധിക്കണമെന്നും യോഗി പ്രതികരിച്ചു. ഉത്തര്‍പ്രദേശിലും നിരവധി സിനിമാ ചിത്രീകരണം നടക്കാറുണ്ട്. പക്ഷേ എല്ലാ സിനിമാ ചിത്രീകരണത്തിനും യുപിയില്‍ ഒരു പോളിസിയുണ്ട്. അത് പാലിച്ചുമാത്രമാണ് എല്ലാ ചിത്രങ്ങളും ഇവിടെ ഷൂട്ട്‌ചെയ്യാറുള്ളതെന്നും യോഗി പറഞ്ഞു.
അതേസമയം, പത്താന്‍ സിനിമയിലെ ഗാനരംഗങ്ങള്‍ കാവിയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് അയോധ്യയിലെ വിവാദ സന്യാസി മഹന്ത പരംഹംസ് ആചാര്യ തപസ്വി ചാവ്നി ഷാരൂഖ് ഖാനെ ജീവനോടെ കത്തിക്കുമെന്ന് വരെ ഭീഷണി മുഴക്കിയിരുന്നു. ജിഹാദി ഷാരൂഖ് ഖാനെ ഞാന്‍ നേരില്‍ കാണുകയാണെങ്കില്‍ അയാളെ ജീവനോടെ തന്നെ കത്തിച്ചു കളയും എന്നായിരുന്നു സന്യാസിയുടെ ഭീഷണി.
400 കോടി ക്ലബ്ബിലെത്തുന്ന കിംഗ് ഖാന്റെ ചിത്രമാണ് പത്താന്‍. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
വിവാദങ്ങളോടെയാണ് പത്താന്‍ തീയറ്ററില്‍ എത്തിയതെങ്കിലും ഇതൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. സിനിമയിലെ ഗാനം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു വിവാദങ്ങള്‍ ആരംഭിച്ചത്. ഗാനത്തിലെ വരികളും ദീപിക ധരിച്ചിരുന്ന കാവി നിറത്തിലുള്ള ബിക്കിനിയുമായിരുന്നു ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഗാനത്തിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനകളം രംഗത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here