വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; കുഞ്ഞിനെ സിഡബ്ല്യുസിക്ക് കൈമാറി

കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയെ സിഡബ്ല്യുസിക്ക് കൈമാറി. വൈദ്യപരിശോധനക്ക് ശേഷം ശിശുക്ഷേമസമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് കുട്ടിയെ മാറ്റി. കുഞ്ഞിന്റെ യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ രക്ഷിതാക്കളുടെ മേല്‍വിലാസവും തെറ്റാണെന്നാണ് കണ്ടെത്തല്‍. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതില്‍ പുതിയ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു.

വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കി കുഞ്ഞിനെ ഏറ്റെടുത്ത അനൂപിന്റെ സഹോദരനാണ് സിഡബ്ല്യുസി ഓഫീസിലേക്ക് കുഞ്ഞുമായി എത്തിയത്. കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. തുടര്‍ന്ന്, ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ സിഡബ്ല്യുസി പിന്നീട് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ തന്നെയാണ് കുഞ്ഞ് ജനിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കുഞ്ഞിന്റെ യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ മാതാപിതാക്കളുടെ മേല്‍വിലാസവും തെറ്റാണെന്നാണ് വിവരം. ഇവരെ കണ്ടെത്തിയതിന് ശേഷം കുഞ്ഞിനെ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ചാല്‍ ദത്ത് നടപടിയിലേക്ക് സിഡബ്ല്യുസി കടക്കും.

കേസിലെ മുഖ്യ പ്രതിയായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ചുമതലയുണ്ടായിരുന്ന എ.അനില്‍കുമാറിനായുള്ള അന്വേഷണവും പൊലീസ് തുടരുന്നുണ്ട്. ഇതിനിടെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് സംഭവത്തില്‍ എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അനില്‍കുമാറിന് പുറമെ നഗരസഭ ജീവനക്കാരി രഹ്നയെയും കേസില്‍ പ്രതി ചേര്‍ത്തു. വ്യാജരേഖ ചമച്ചതിനും വഞ്ചനക്കുറ്റത്തിനുമാണ് കേസ് എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസ് കൂടിയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News