പുന:സംഘടനയെ ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ പോര് രൂക്ഷമാകുന്നു. ഡി.സി.സി പ്രസിന്‍റിന്റെ മുറിയുടെ കതക് ചവിട്ടിപ്പൊളിക്കാന്‍ മുന്‍ പ്രസിഡന്റ് ശ്രമിച്ചതിൻ്റെ ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. കോൺഗ്രസ് പുനഃസംഘടനാ ചർച്ചയിൽ എ ഗ്രൂപ്പ് ഉടക്കിപ്പിരിഞ്ഞതിനു പിന്നാലെയാണ് യോഗം ചേർന്ന ഓഫീസിന്റെ വാതിൽ ചവിട്ടി തുറക്കാൻ മുൻ ഡി.സി.സി. പ്രസിഡന്റ് ശ്രമിച്ചത്.
അടൂർ പ്രകാശ് എം.പി, ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എം. നസീർ എന്നിവർ പങ്കെടുത്ത യോഗം ഡി.സി.സി. പ്രസിഡന്റിന്റെ മുറിയിൽ നടക്കവെയാണ് യോഗത്തിൽ നിന്ന് ഇറങ്ങിവന്ന ഡി.സി.സി. മുൻ പ്രസിഡന്റ് ബാബു ജോർജ് വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചത്.
ഡി.സി.സി. പുനഃസംഘടനയിൽ അഭിപ്രായ രൂപീകരണത്തിനായി ശനിയാഴ്ച നടന്ന യോഗത്തിനിടെയാണ് സംഭവമുണ്ടായത്. എ ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കളായ മുൻ എം.എൽ.എ. എ. ശിവദാസൻ നായർ, പി. മോഹൻരാജ്, മുൻ ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ് എന്നിവർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സംഘടനാ നടപടിയെടുത്ത് മാറ്റിനിർത്തിയവരെക്കൂടി പുനഃസംഘടനയിൽ ഉൾപ്പെടുത്തണമെന്ന ഇവരുടെ ആവശ്യം നിലവിലെ ഡിസിസി പ്രസിഡന്റായ സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവർ തള്ളിക്കളഞ്ഞു. ഇതിനെ തുടർന്നാണ് അവിടെനിന്ന് ഇറങ്ങിപ്പോയത്. എന്നാൽ വീണ്ടും തിരിച്ചെത്തി ബാബു ജോർജ് യോഗം നടക്കുന്ന മുറിയുടെ കതക് ചവിട്ടിത്തുറക്കുകയായിരുന്നു.
യോഗത്തിൽനിന്ന് ആദ്യം ഇറങ്ങിവന്ന ശിവദാസൻ നായർ മുറയിലേക്ക് നോക്കി വാക്കു തർക്കത്തിൽ ഏർപ്പെടുന്നത് ദൃശ്യത്തിലുണ്ട്. പിന്നീട് ഇദ്ദേഹം ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയി. ആദ്യം മുറിയിൽ നിന്ന് ഇറങ്ങിവന്ന മോഹൻരാജ് നേരത്തെ തന്നെ ഓഫീസ് വിട്ടിരുന്നു. സ്ഥലത്തുതന്നെ തുടർന്ന ബാബു ജോർജ് യോഗത്തിൽ ഉണ്ടായിരുന്നവരുമായി വീണ്ടും തർക്കത്തിൽ ഏർപ്പെട്ടു. യോഗത്തിൽ തുടർന്നവരിലൊരാൾ വാതിൽ അടയ്ക്കാൻ ശ്രമിച്ചപ്പോഴാണ് ബാബു ജോർജ് വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here