ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ലേഖനങ്ങൾ എഴുതുകയും ചെയ്ത ബിജെപിയുടെ മഹിളാ മോർച്ച നേതാവ് ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരിയെയാണ് മദ്രാസ് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി കേന്ദ്ര സർക്കാർ നിയമിച്ചത്. ജഡ്ജി നിയമനത്തിന് കൊളീജിയം നൽകിയ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. വിക്ടോറിയ ഗൗരിയെ ജഡ്ജി സ്ഥാനത്തേക്ക് ശുപാർശ ചെയ്ത കൊളീജിയം തീരുമാനം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പരസ്യമായി രാഷ്ട്രീയ പക്ഷപാതിത്വ നിലപാട് സ്വീകരിക്കുകയും മതന്വൂനപക്ഷങ്ങളെ വിമർശിക്കുകയും ചെയ്ത വ്യക്തിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് ജുഡീഷ്യറിക്ക് ഗുണമല്ലെന്നായിരുന്നു വിമർശനങ്ങൾ.
കൊളീജിയം തീരുമാനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരും രാജ്യത്തെ പ്രമുഖ വ്യക്തികളും ചീഫ്ജസ്റ്റിസിന് പരാതി നൽകിയിരുന്നു. ഈ പരാതികൾ നാളെ(ഫിബ്രുവരി 7 ചൊവ്വാഴ്ച) ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കാനിരിക്കെയാണ് വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. ഇതോടെ സുപ്രീംകോടതിയും പ്രതിസന്ധിയിലാവുകയാണ്.
കേന്ദ്രസർക്കാർ ശുപാർശ അംഗീകരിച്ച് രാഷ്‌ട്രപതി വിജ്ഞാപനം ഇറക്കിയ സാഹചര്യത്തിൽ ഈ വിഷയത്തിൽ സുപ്രീംകോടതി എന്തുതീരുമാനം എടുക്കുമെന്നത് നിർണായകമാണ്.ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തിൽ വേണമെങ്കിൽ സർക്കാർ തീരുമാനം റദ്ദാക്കാൻ സുപ്രീംകോടതിക്ക് സാധിക്കും. അത്തരം തീരുമാനത്തിലേക്ക് സുപ്രീംകോടതി പോയാൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അസാധാരണമായ കോടതി നടപടികളിൽ ഒന്നാവുമത്. ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് ആ തീരുമാനത്തിലേക്ക് പോകുമോയെന്ന് കാത്തിരുന്ന് കാണാം.
ക്രിസ്ത്യൻ സമുദായം നടത്തുന്ന മതപരിവർത്തനം രാജ്യത്ത് മതസൗഹാർദം തകർക്കുന്നുവെന്ന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ നിയുക്ത ജഡ്ജി വിക്ടോറിയ ഗൗരി ലേഖനമെഴുതിയിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്കും സമാധാനത്തിനും കൂടുതൽ ഭീഷണി ജിഹാദാണോ ക്രിസ്ത്യൻ മിഷണറിയാണോ എന്ന ചോദ്യവും വിക്ടോറിയ ഗൗരി ഉയർത്തിയിരുന്നു. ചൗക്കീദാർ എന്ന ബിജെപിയുടെ രാഷ്ട്രീയ മുദ്രാവാക്യം സ്വന്തം പേരിനൊപ്പം സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന വ്യക്തികൂടിയാണ് വിക്ടോറിയ ഗൗരി.
രാഷ്ട്രീയ പക്ഷപാതിത്വം പരസ്യമായി പ്രകടിപ്പിക്കുകയും ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷപരാമർശങ്ങൾ നടത്തുകയും ചെയ്യുന്ന വിക്ടോറിയ ഗൗരിയുടെ നിലപാടുകൾ ഭരണഘടനാ വിരുദ്ധമാണ് എന്നതാണ് ചീഫ്ജസ്റ്റിസിന് കിട്ടിയ പരാതികളിൽ ചൂണ്ടിക്കാണിക്കുന്നത്. അത്തരമൊരു വ്യക്തി എങ്ങനെ ഭരണഘടനയുടെ കാവലാളാകുമെന്ന ചോദ്യവും പരാതികളിൽ ഉയരുന്നു. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച നടക്കുന്ന സുപ്രീംകോടതി നടപടികൾ ഏറെ പ്രധാനപ്പെട്ടതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here