ഫെബ്രുവരി 8ന് സിപിഐഎം ഐക്യദാര്‍ഢ്യ സദസ്

അര്‍ധഫാസിസ്റ്റ്‌ വാഴ്‌ചയ്‌ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം ‘ഐക്യദാർഢ്യസദസ്’ സംഘടിപ്പിക്കും. സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യ പരവുമായ തെരഞ്ഞെടുപ്പ്‌ പ്രക്രിയ ത്രിപുരയിൽ ഉറപ്പുവരുത്തണമെന്ന്‌ ആവശ്യപ്പെട്ട് ഫെബ്രുവരി 8 ന്‌ ജില്ലാ അടിസ്ഥാനത്തിലാണ് ഐക്യദാർഢ്യ സദസ് സംഘടിപ്പിക്കുന്നത്.

ആര്‍എസ്‌എസ്‌ – ബിജെപി ഭീകരാക്രമണങ്ങള്‍ക്കെതിരെയും ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‌ വേണ്ടിയും ശക്തമായ ജനകീയ പ്രതിരോധം ത്രിപുരയില്‍ ഉയര്‍ന്നുവരുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ ത്രിപുരയിലെ ജനാധിപത്യ അവകാശങ്ങള്‍ക്ക്‌ വേണ്ടി പൊരുതുന്ന ജനതയ്‌ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ നടക്കുന്ന ഐക്യദാര്‍ഢ്യ സദസില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യർത്ഥിച്ചു.

ത്രിപുരയിൽ ബിജെപി അധികാരത്തിലേറിയതിന്‌ ശേഷം ഇതര രാഷ്‌ട്രീയ കക്ഷികള്‍ക്കൊന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ സംസ്ഥാനത്ത് നിലനില്‍ക്കുന്നത്‌. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക്‌ അവരുടെ മണ്ഡലങ്ങളുമായി ബന്ധപ്പെടാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്‌ വളര്‍ന്നുവന്നിരിക്കുന്നത്‌ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് പറഞ്ഞു.

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസ്‌ പോലും അടിച്ച്‌ തകര്‍ക്കുകയുണ്ടായി. അതിന്റെ പ്രതികളെ പോലും അറസ്റ്റ്‌ ചെയ്യാത്ത സാഹചര്യവുമുണ്ടായി. ഇലക്ഷന്‍ കമ്മീഷന്റെ പ്രതിനിധി സംഘം ത്രിപുര സന്ദര്‍ശിച്ചതിന്‌ ശേഷം സിപിഐഎമ്മിനും മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കും നേരെ സമാനതകളില്ലാത്ത അക്രമമാണ്‌ ആര്‍എസ്‌എസ്‌ – ബിജെപി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നതെന്നും സിപിഐഎം വ്യക്തമാക്കി.

പാർട്ടി നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘത്തിന്‌ നേരെ നടന്ന ആസൂത്രിത അക്രമത്തിലാണ്‌ സിപിഐഎം പ്രവര്‍ത്തകനായ ഷാഹിദ്‌മിയ അതിക്രൂരമായി കൊലചെയ്യപ്പെട്ടത്‌. ഭരണ സംവിധാനങ്ങളെ ദുരുപയോഗിച്ചും പൊലീസിന്റെ ഒത്താശയോടെയുമുള്ള ഭീകരാക്രമണം തെരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യാപിച്ചതോടെ അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 9 ഇടങ്ങളിലാണ്‌ സിപിഐഎം പ്രവര്‍ത്തകര്‍ ഭീകരമായി ആക്രമിക്കപ്പെട്ടതെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News