തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 2300 കടന്നു. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം തുർക്കിയിൽ 1498 പേരും സിറിയയിൽ 810 പേരും മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തിൽ പരുക്കേറ്റവരുടെ എണ്ണം പതിനായിരത്തോളമായിട്ടുണ്ട്.
തുർക്കി നഗരമായ ഗാസിയതപ്പിലായിരുന്നു ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രതയാണ് ആദ്യ ഭൂകമ്പത്തിൽ രേഖപ്പെടുത്തിയത്. ഇതിന് 80 മൈൽ വടക്ക് മാറി കാഹ്‌റമാൻമറാസിലാണ് രണ്ടാമത്തെ പ്രകമ്പനം ഉണ്ടായത്. ഇതിൻ്റെ തീവ്രത റിക്ടർ സ്‌കെയിലിൽ 7.5 രേഖപ്പെടുത്തി. രണ്ട് വലിയ പ്രകമ്പനത്തിന് പിന്നാലെ ഇരുപതിലധികം തുടർ ചലനങ്ങൾ ഉണ്ടായതായിട്ടാണ് ഭൗമശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. റിക്ടർ സ്‌കെയിലിൽ 6 തീവ്രത വരെ രേഖപ്പെടുത്തിയ പ്രകമ്പനങ്ങൾ തുടരെ തുടരെയുണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഈ തുടർ പ്രകമ്പനങ്ങൾ രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തി.
ആദ്യ പ്രകമ്പനത്തിന്റെ ആഘാതത്തിൽ നിലംപൊത്തിയ കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങിയാണ് കൂടുതലും ആളുകൾ മരിച്ചത്. തുർക്കിയിലെ പത്ത് പ്രവിശ്യകളിലും ഭൂചലനം ബാധിച്ചു.
രണ്ട് പ്രകമ്പനങ്ങളിലും കൂറ്റൻ ബഹുനില കെട്ടിടങ്ങൾ ഉൾപ്പെടെയാണ് നിലംപൊത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here