സഞ്ജു ഇനി കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസിഡർ; പദവി തനിക്കുള്ള ആദരമാണെന്ന് സഞ്ജു

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിൻ്റെ പുതിയ ബ്രാൻഡ് അംബാസിഡർ. മലയാളി ക്രിക്കറ്റ് താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനുമായ സഞ്ജു ഐ.എസ്.എല്ലിൽ കളത്തിനകത്തും പുറത്തും ക്ലബ്ബിനെ പ്രതിനിധീകരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പത്രക്കുറിപ്പിൽ അറിയിച്ചു.

കായിക രംഗത്ത് വലിയ സ്വപ്നങ്ങൾ കാണാൻ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുക എന്ന ക്ലബ്ബിന്റെ പൊതു ലക്ഷ്യത്തിൽ സഞ്ജുവുമായി കേരള ബ്ലാസ്റ്റേഴ്സ് ഒരുമിക്കുകയാണെന്നും ഡയറക്ടർ നിഖിൽ ഭരദ്വാജ് വ്യക്തമാക്കി. സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും, അദ്ദേഹത്തെ കെ.ബി.എഫ്.സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ പദവി ഒരു ആദരമാണെന്ന് സഞ്ജു വി സാംസൺ പ്രതികരിച്ചു. ഫുട്ബോളിന്റെ മഹത്വം ഈ നിലയിലേക്ക് തിരികെയെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് രൂപം കൊണ്ട നാൾ മുതൽ വളരെയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു.

താൻ എപ്പോഴും ഒരു ഫുട്ബോൾ ആരാധകനാണെന്നും, അച്ഛൻ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായതിനാൽ ഫുട്ബോൾ എപ്പോഴും ഹൃദയത്തോട് ചേർന്നുള്ള ഒരു കായിക വിനോദമാണെന്നും സഞ്ജു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News