മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായത് ഒരു വിചിത്ര സംഭവമാണ്. മരിച്ചെന്ന് കരുതി മറവുചെയ്ത ഓട്ടോറിക്ഷ ഡ്രൈവറായ 60കാരന്‍ സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്ത ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതോടെ അങ്കലാപ്പിലായത് പൊലീസാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് ട്രെയിന്‍ തട്ടി മരിച്ച റഫീക്ക് ഷെയ്ക്കിന്റെ മൃതദേഹം മറവുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചെന്ന് കരുതിയ ആളുടെ വീഡിയോ കോള്‍. ഇതോടെ മറവുചെയ്തത് ആരെയാണ് എന്ന് തിരിച്ചറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വീട് വിട്ടുപോയതായിരുന്നു റഫീക്ക് ഷെയ്ക്ക്.
ട്രെയിന്‍ തട്ടി മരിച്ചയാള്‍ രണ്ടുമാസം മുന്‍പ് കാണാതായ തന്റെ സഹോദരന്‍ റഫീക്ക് ഷെയ്ക്ക് ആണെന്ന് സഹോദരനാണ് തിരിച്ചറിഞ്ഞത്. പിന്നാലെ റഫീക്ക് ഷെയ്ക്കിന്റെ ഭാര്യയും മൃതദേഹം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം മറവ് ചെയ്തത്.
മൃതദേഹം മറവുചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് സുഹൃത്ത് റഫീക്ക് ഷെയ്ക്കിന്റെ ഫോണിലേക്ക് വെറുതെ ഒന്ന് വിളിച്ചുനോക്കിയത്. എന്നാല്‍ റിംഗ് ചെയ്ത ഉടന്‍തന്നെ ഫോണ്‍ എടുത്ത റഫീക്ക് ഷെയ്ക്ക് സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. താന്‍ സുഖമായി ഇരിക്കുന്നുവെന്ന് റഫീക്ക് ഷെയ്ക്ക് സുഹൃത്തിനോട് പറഞ്ഞു.
വീട് വിട്ടുപോയ റഫീക്ക് ഷെയ്ക്ക് പാല്‍ഘറില്‍ ഒരു അഗതി മന്ദിരത്തിലാണ് കഴിയുന്നത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലുടനീളം വൈറലാകുന്നത് ഇരുവരുടെയും വീഡിയോയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here