മാതാ അമൃതാനന്ദമയിക്കും ഭാരതമാതാവിനും നന്ദി പറഞ്ഞ് വിക്ടോറിയ ഗൗരി

ആത്മീയ ഗുരു മാതാഅമൃതാനന്ദമയിക്കും ഭാരതമാതാവിനും നന്ദി പറഞ്ഞ് മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരി. തന്റെ ഭര്‍ത്താവിനോടും രണ്ട് മക്കളോടും രാജ്യത്തിനോടും നന്ദിയുണ്ടെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം വിക്ടോറിയ ഗൗരി പറഞ്ഞു. മുതിര്‍ന്ന ജഡ്ജിമാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിക്ടോറിയ ഗൗരി പ്രസംഗം തുടര്‍ന്നത്.

വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ബിജെപി നേതാവായിരുന്ന വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതയായത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവായിരുന്ന വിക്ടോറിയ ഗൗരിയുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചിരുന്നു.

എന്നാല്‍ നിയമനത്തില്‍ യാതൊരു പിഴവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജികള്‍ തള്ളുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരില്‍ നിന്നടക്കം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊളീജിയം ശുപാര്‍ശ നല്‍കിയതെന്നും അത് അംഗീകരിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വിക്ടോറിയ ഗൗരിക്കെതിരായ പരാതികള്‍ സ്വമേധയാ സുപ്രീംകോടതി പരിശോധിക്കുമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് (ഫെബ്രുവരി 7) കേസ് പരിഗണിച്ചത് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ്.

രാവിലെ പത്തേകാലിന് അഡീഷണല്‍ ജഡ്ജിയായി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ രാവിലെ 9.15 ന് കേസ് പരിഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ രാവിലെ വലിയ ആശയകുഴപ്പമായിരുന്നു സുപ്രീംകോടതിയില്‍. പിന്നീട് പത്ത് മണിയോടെയാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്. കേസിന്റെ നടപടികള്‍ സുപ്രീംകോടതിയില്‍ പുരോഗമിക്കുന്നതിനിടെ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്തു.

അഭിഭാഷകയായ അന്ന മാത്യു, സുധ രാമലിംഗം, ഡി. നാഗശില എന്നിവരാണ് വിക്ടോറിയ ഗൗരിയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പരസ്യനിലപാട് സ്വീകരിച്ച വിക്ടോറിയ ഗൗരി ജഡ്ജി സ്ഥാനത്തേക്ക് യോജിച്ച ആളല്ല എന്നതായിരുന്നു ഹര്‍ജിയിലെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News