വിമാനമാര്‍ഗം ഉമ്മന്‍ചാണ്ടിയെ ബംഗലൂരുവിലേക്ക് കൊണ്ടുപോകും

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗലൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരത്ത് നിന്നും നാളെ എയര്‍ ആംബുലന്‍സ് മാര്‍ഗം ബംഗുലൂരുവിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ കാര്യങ്ങള്‍ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന് നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സമിതി ഉമ്മന്‍ചാണ്ടിയുടെ ചികിത്സ വിലയിരുത്തും. മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാര്‍ ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നല്‍കുന്ന ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായും സംസാരിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ വിവരം മന്ത്രി പിന്നീട് മുഖ്യമന്ത്രിയെ അറിയിച്ചു.

ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നിലവില്‍ ഉമ്മന്‍ചാണ്ടിക്കുള്ളതെന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. രോഗശമനത്തിന് ആന്റീബയോട്ടിക് മരുന്നുകള്‍ നല്‍കുന്നുണ്ട്. ആശുപത്രിയല്‍ എത്തിയപ്പോഴുണ്ടായ സ്ഥിതിയില്‍ നിന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില മോശമാണെന്നും ചികിത്സ ഉറപ്പാക്കുന്നില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചികിത്സ മുടക്കുന്നത് ബന്ധുക്കളാണെന്ന് ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ തന്നെ ആരോപണവുമായി രംഗത്തെത്തി. ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ ( 06.02.2023 ) ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്തെ നിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.

ബംഗലൂരുവിലെ എച്ച്.സി.ജി. കാന്‍സര്‍ ആശുപത്രിയിലാണ് ഇതിന് മുന്‍പ് ഉമ്മന്‍ചാണ്ടി ചികിത്സ തേടിയിരുന്നത്. ഡിസംബറില്‍ നടന്ന ചികിത്സയ്ക്ക് ശേഷം ജനുവരി ഒന്‍പതിന് തുടര്‍ചികിത്സയ്ക്ക് വീണ്ടും പോകേണ്ടതായിരുന്നു. എന്നാല്‍ തുടര്‍ചികിത്സയ്ക്ക് പോകാതെ തിരുവനന്തപുരത്തെ വീട്ടില്‍ കഴിയുകയായിരുന്നു ഉമ്മന്‍ചാണ്ടി. അതിനിടയിലാണ് ചികിത്സ നല്‍കുന്നില്ലെന്ന പരാതിയില്‍ വിവാദവും ഉയര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News