തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിന്റെ നടുക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. തന്റെ സഹോദരനെ മാറോടുചേർത്തുകൊണ്ട് തകര്‍ന്നുവീണ വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിൽ കിടന്ന് ജീവരക്ഷയ്ക്കായി അപേക്ഷിക്കുന്ന ഒരു ഏഴുവയസുകാരിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
ആരുടെയും കണ്ണ് നനയിക്കുന്ന ദൃശ്യം… ‘എന്നെയും സഹോദരനെയും രക്ഷിക്കൂ.. ജീവിതം മുഴുവൻ നിങ്ങളുടെ അടിമയായിക്കോളാം…..” കുഞ്ഞനുജനെയും ചേര്‍ത്തുപിടിച്ച് രക്ഷാപ്രവര്‍ത്തകരെയും കാത്തു കിടന്ന പെൺകുട്ടിയുടെ വാക്കുകളാണിവ. ഏഴും മൂന്നും പ്രായമുള്ള സഹോദരങ്ങള്‍. 17 മണിക്കൂറോളമാണ് അവർ ഭീമന്‍ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ ഉറങ്ങാതെ കിടന്നത്.
‘മരണം വരെ നിങ്ങളുടെ അടിമയാകാന്‍ തയ്യാറാണ്’ എന്ന ആ സഹോദരിയുടെ വാക്കിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലിനും അളക്കാന്‍ കഴിയുന്നതിലും അപ്പുറം. ഞെരിഞ്ഞമര്‍ന്ന് കിടക്കുമ്പോഴും കുഞ്ഞനുജന്റെ തലയില്‍ മണ്ണുവീഴാതിരിക്കാന്‍ തല കൈവച്ചു മറച്ചുപിടിച്ചിട്ടുണ്ടവൾ. ഭൂകമ്പത്തിന്റെ തീവ്രത ലോകത്തെത്തിച്ച ആ കുരുന്നുകളെ രക്ഷാപ്രവര്‍ത്തകര്‍ കൈവിട്ടില്ല.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ അവരെ തിരികെ ജീവതത്തിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ്. നിമിഷ നേരംകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അവര്‍ക്കായി ഉയര്‍ന്ന ആശ്വാസവാക്കുകള്‍ ഏറെയാണ്. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം രണ്ടുപേരും ആരോഗ്യ പരിചരണ വിഭാഗത്തിലാണ്.
സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ മരണം 5000 കടന്നു. മൂന്നുലക്ഷത്തിലധികം ആളുകളെയാണ് ദുരന്തം ബാധിച്ചത്. ഉറ്റവരെ തേടിയുള്ള അന്വേഷണവും പൊട്ടിക്കരച്ചിലുകളുമാണ് തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ പ്രദേശങ്ങളിൽ. തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനത്തിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങൾ എത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെയും മെഡിക്കൽ സംഘത്തെയും ഇന്ത്യയും അയച്ചിട്ടുണ്ട്.
1939ൽ സമാനമായ ഭൂകമ്പം തുർക്കിയിൽ ഉണ്ടായിട്ടുണ്ട്.റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 3300 ആളുകളാണ് അന്നുകൊല്ലപ്പെട്ടത്. 1999ൽ 17000 പേരുടെ ജീവനെടുത്ത ഭൂകമ്പവും തുർക്കിയിൽ ആവർത്തിച്ചു. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ തുർക്കിയിൽ 3 മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here