ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ വയനാട്, ഇടുക്കി ദ്രുതകര്‍മ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന്. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പരിശോധന നടക്കുക. അതേസമയം, വനംവകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ അരുണ്‍ സക്കറിയ ഇന്ന് ഇടുക്കിയിലെത്തും.
നാല് ദിവസം മുന്‍പാണ് വയനാട്ടില്‍ നിന്നുള്ള ദ്രുതകര്‍മ്മ സേന ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളില്‍ എത്തിയത്. പ്രശ്നക്കാരായ കൊമ്പന്മാരെ നിരീക്ഷിച്ച് വിവരശേഖരണം നടത്തുകയാണ് ലക്ഷ്യം. നാല് ദിവസത്തിനകം വിവരശേഖരണം പൂര്‍ത്തിയാക്കാനാണ് സംഘം ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഇടുക്കി RRT യും വയനാട്ടില്‍ നിന്നുള്ള സംഘത്തോടൊപ്പം ഉണ്ടാകും. ആനകള്‍ നില്‍ക്കുന്ന സ്ഥലം എളുപ്പത്തില്‍ കണ്ടെത്താനാണ് ഡ്രോണ്‍ ഉപയോഗിക്കുന്നത്. സംഘത്തലവന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയ ഇന്ന് വൈകിട്ടാണ് ജില്ലയിലെത്തുക. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ആയിരിക്കും മറ്റു പ്രവര്‍ത്തനങ്ങള്‍.
ആനകളില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനാണ് നിലവിലെ തീരുമാനം. മതികെട്ടാന്‍ ചോലയിലേക്ക് ആനകളെ തുരത്തുക, അതല്ലെങ്കില്‍ പിടികൂടി കൊണ്ടുപോവുക എന്നീ രണ്ടു മാര്‍ഗങ്ങളാണ് വനംവകുപ്പിന് മുന്നില്‍ ഉള്ളത്. ഇതില്‍ ഏത് സ്വീകരിക്കണമെന്ന കാര്യത്തില്‍ അരുണ്‍ സക്കറിയയാണ് തീരുമാനമെടുക്കുക. അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മൊട്ടവാലന്‍, പടയപ്പ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഒറ്റയാന്‍മാരെ പിടികൂടി മാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാനശല്യം രൂക്ഷമായ പന്നിയാറില്‍ ഫെന്‍സിംഗ് വേലിയുടെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here