തുര്‍ക്കി ഫുട്ബോള്‍ താരം അഹ്മദ് അയ്യൂബ് തുര്‍ക്കസ്ലാന്‍, ഭൂകമ്പത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു. യെനി മലതിയാസ്പോര്‍ ക്ലബ് ഗോളി താരമായിരുന്നു അഹ്മദ് അയ്യൂബ് തുര്‍ക്കസ്ലാന്‍. തുര്‍ക്കിയില്‍ രണ്ടാം ഡിവിഷന്‍ ക്ലബിനു വേണ്ടി 2021 മുതല്‍ കളിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ടാണ് അയ്യൂബിന്റെ മരണം. 2013 മുതല്‍ പ്രഫഷനല്‍ ഫുട്ബാളില്‍ സജീവമായ താരം രാജ്യത്തെ വിവിധ ക്ലബ്ബുകളില്‍ ഗോളിയായിരുന്നു അയ്യൂബ്.
അതേസമയം ഹറ്റായ്സ്പോര്‍ ക്ലബ്ബിനു വേണ്ടി കളിക്കുന്ന ഘാന ഫുട്ബാളര്‍ ക്രിസ്റ്റ്യന്‍ അറ്റ്സു, ഭൂകമ്പത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരുന്നെങ്കിലും ചൊവ്വാഴ്ച രക്ഷപെടുത്തിയിരുന്നു. താരത്തെ പുറത്തെത്തിച്ചതായി ഘാന ഫുട്ബാള്‍ അസോസിയേഷന്‍ സമൂഹമാധ്യമങ്ങളില്‍ അറിയിച്ചിട്ടുണ്ട്.
അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മരണനിരക്ക് കുത്തനെ ഉയര്‍ന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന സൂചന നല്‍കി. അദാന കേന്ദ്രീകരിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയവര്‍ക്ക് വേണ്ടി ക്യാമ്പുകള്‍ തയ്യാറാക്കിയിരിക്കുന്നതും അദാനയിലാണ്.
തുര്‍ക്കിയിലും സിറിയയിലുമായി ആകെ 7,800 പേര്‍ മരിച്ചെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. 20,000 പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍.
അതേസമയം, അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായം വാഗ്ദാനം ചെയ്തതായി തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട എന്‍ഡിആര്‍എഫ് സംഘം അദാനയില്‍ ക്യാമ്പ് ചെയ്യുകയാണ്. ഇവിടെനിന്ന് മറ്റു പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോകാനാണ് നൂറുപേര്‍ അടങ്ങിയ സംഘത്തിന്റെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here