വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്; കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് സൂചന

കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് സൂചന. പ്രതി അനില്‍ കുമാറും കുഞ്ഞിനെ ഏറ്റെടുത്ത തൃപ്പൂണിത്തുറ സ്വദേശിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന നിര്‍ണ്ണായക ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളില്‍ നിന്നും പൊലീസ് ഉടന്‍ മൊഴിയെടുക്കും. കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ പൊലീസ് തിരിച്ചറിഞ്ഞതായും സൂചനകളുണ്ട്.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ആഗസ്റ്റ് മാസം പ്രസവിച്ച കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയെന്ന കേസില്‍ ദുരൂഹതയേറുകയാണ്. കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളും കുഞ്ഞിനെ ഏറ്റെടുത്ത തൃപ്പൂണിത്തുറ സ്വദേശികളും തമ്മില്‍ പരിചയപ്പെടുന്നതും കുഞ്ഞിനെ കൈമാറ്റം ചെയ്യപ്പെടുന്നതും എങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്ന അനില്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ പ്രതി ചേര്‍ത്തതോടെ അനില്‍ കുമാര്‍ മുങ്ങുകയും ചെയ്തു. ഇതിനിടെ അനില്‍ കുമാറും കുഞ്ഞിനെ കൈവശം വെച്ച അനൂപും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇക്കഴിഞ്ഞ ജനുവരി 31ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ ഏറെ നിര്‍ണ്ണായകമാണ്.

അതേസമയം, കുഞ്ഞ് നിലവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ( CWC) സംരക്ഷണത്തിലാണ്. കുഞ്ഞിന് അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കാന്‍ നിര്‍ദ്ദേശിച്ച് പത്രപ്പരസ്യം നല്‍കാനുള്ള നടപടികളിലാണ് CWC. ഒരു മാസത്തിനു ശേഷവും അവകാശികള്‍ എത്തിയില്ലെങ്കില്‍ കുഞ്ഞിനെ ഔദ്യോഗികമായി ദത്ത് നല്‍കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും CWC അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News