തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണം 8700 കടന്നു

തുര്‍ക്കിയിലും സിറിയയിലും നടന്ന ഭൂകമ്പത്തില്‍ മരണം 8700 കടന്നു. തുര്‍ക്കിയില്‍ മാത്രം 6000ത്തിനി മുകളില്‍ ആളുകളാണ് മരിച്ചത്. തുര്‍ക്കിയില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ച്ചയും അതിശൈത്യവും കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

ഭൂകമ്പം നടന്ന് മൂന്നാം ദിനം പിന്നിടുമ്പോള്‍ ആയിരക്കണക്കിന് പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കുളളിലാണ്. എല്ലാ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും രാവും പകലുമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇന്ത്യ ഉള്‍പ്പെടെ വിവധ രാജ്യങ്ങളില്‍നിന്നുളള സഹായം ഇരുരാജ്യങ്ങളിലേക്ക് എത്തിയിട്ടും റോഡുകള്‍ തകര്‍ന്നതിനാല്‍ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താന്‍ വൈകുന്നുണ്ട്.

കുന്നോളമുയര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ആരെങ്കിലും ജീവനോടെയുണ്ടോ എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ തിരയുന്നത്. അതിശൈത്യവും മഴയും തടസ്സമാകുമ്പോഴും ഒരു ശബ്ദമോ നിലവിളിയോ ഉയരുന്നുണ്ടോ എന്ന് കാതോര്‍ത്ത് തിരച്ചില്‍ മുന്നേറുകയാണ്. തകര്‍ന്ന വീടുകള്‍ക്കു സമീപം ഉറ്റവരുടെയും കുട്ടികളുടെയും പേരുകള്‍ ഉറക്കെ വിളിച്ചു തിരയുന്ന ബന്ധുക്കളാണ് എല്ലായിടത്തും.

വാര്‍ത്താവിനിമയ ബന്ധമറ്റതും റോഡുകള്‍ തകര്‍ന്നതും, ദുരന്തബാധിതരെ ഒറ്റപ്പെടുത്തി. സമയത്തിനെതിരായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം പറയുമ്പോള്‍ ലോകം മൊത്തം അത് ഏറ്റ് പറയുകയാണ്. നഷ്ടമാകുന്ന ഓരോ നിമിഷവും ജീവനോടെ ആളുകളെ കണ്ടെത്താനുള്ള സാധ്യത കുറയ്ക്കുമ്പോള്‍. പല പ്രദേശങ്ങളിലും വൈദ്യുതിയും വെള്ളവും ഇല്ലാത്തത് ദുരന്തത്തിന്റെ വ്യാപ്ത്തി കൂട്ടി.

തുര്‍ക്കിയിലും സിറിയയിലും 3 ശക്തമായ ഭൂകമ്പത്തിനൊപ്പം 285 തുടര്‍ചലനങ്ങളും ഉണ്ടായെന്നാണ് അധികൃതരുടെ കണക്കുകള്‍. ഭൂകമ്പം തുര്‍ക്കിയിലെ പ്രഭവകേന്ദ്രത്തില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുളള സിറിയയിലെ ഹമയിലെയും മറ്റ് പ്രവശ്യകളിലേയും കെട്ടിടങ്ങള്‍ നിലംപരിശാക്കി ദുരന്തം വിതച്ച് മുന്നേറുകയാണ്. പ്രതികൂലസാഹചര്യങ്ങള്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കുമ്പോള്‍ മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News