താന്‍ നിര്‍ദേശിക്കാത്ത രീതിയില്‍ മുടിവെട്ടിയെന്ന മോഡലിന്റെ പരാതിയില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി. ഉപഭോക്താവിന്റെ വാദങ്ങള്‍ മാത്രം പരിഗണിച്ച് നഷ്ടപരിഹാര തുക തീരുമാനിക്കരുത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം അമിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2021 സെപ്റ്റംബറില്‍ അഷ്‌ന റോയ് എന്ന മോഡലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഈ നടപടി പുനഃപരിശോധിക്കണമെന്നാണ് സുപ്രീംകോടതി ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
താന്‍ നിര്‍ദ്ദേശിച്ചതില്‍ അധികം മുടിമുറിച്ചത് കരിയറില്‍ അവസരങ്ങള്‍ നഷ്ടമാക്കി. തുടര്‍ന്ന് മുടി വളരുന്നതിന് നല്‍കിയ ചികിത്സയില്‍ പിഴവുകള്‍ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി ആഢംബര ഹോട്ടല്‍ ശൃംഖലയായ ഐടിസി മൗര്യക്കെതിരെയായിരുന്നു മോഡലിന്റെ പരാതി.
മോഡലിങ്ങിലും പരസ്യ മേഖലയിലുമുള്ള ഒരാളുടെ ജീവിതത്തില്‍ മുടിക്കുള്ള പ്രാധാന്യത്തെ കുറിച്ച് ഉപഭോക്തൃ കമ്മീഷന്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. എന്നാല്‍, നഷ്ടപരിഹാരം തീരുമാനിക്കേണ്ടത് വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണം. അല്ലാതെ ഉപഭോക്താവിന്റെ വാദങ്ങള്‍ മാത്രം പരിഗണിച്ച് തീരുമാനമെടുക്കരുതെന്നും കോടതി പറഞ്ഞു.
ഒരു അഭിമുഖത്തിന് വേണ്ടി മുടിയുടെ നീളം കുറക്കാനാണ് മോഡല്‍ ഹോട്ടലിലെത്തിയത്. മോഡലിന്റെ മുടി സ്ഥിരമായി മുറിക്കുന്ന സ്‌റ്റൈലിസ്റ്റിനെ ലഭ്യമല്ലെന്നും പകരം മറ്റൊരാളെ നല്‍കാമെന്നും സലൂണ്‍ അധികൃതര്‍ അറിയിച്ചു. മുടി എങ്ങനെ മുറിക്കണമെന്നത് സംബന്ധിച്ച് മോഡല്‍ ജീവനക്കാരിക്ക് കൃത്യമായി നിര്‍ദ്ദേശം നല്‍കി. മുടി നാലിഞ്ച് വെട്ടാനും പറഞ്ഞു. എന്നാല്‍ ഇതിന് വിപരീതമായി വെറും നാലിഞ്ച് മാത്രം ബാക്കിവെച്ച് മുടി മുറിക്കുകയായിരുന്നു.
മുടി മുറിച്ചതിലെ അപാകതയെക്കുറിച്ച് സലൂണ്‍ മാനേജരോട്, യുവതി പരാതിപ്പെട്ടു. തുടര്‍ന്ന് സ്ഥാപനം സൗജന്യമായി മുടി ചികിത്സ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ ഉപയോഗിച്ച രാസവസ്തു കാരണം തലയോട്ടിയിലെ ചര്‍മം കരിയുകയും തലയോട്ടിയില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്തുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 2018 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here