ഉന്നത വിദ്യാഭ്യാസ മേഖലയിലെ ലിംഗസമത്വം; കേരളം വീണ്ടും ഒന്നാമത്

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ലിംഗസമത്വത്തില്‍ രാജ്യത്ത് ഒന്നാമതെത്തി കേരളം. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2020-21 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സര്‍വ്വേ പ്രകാരം ഏറ്റവും ഉയര്‍ന്ന ലിംഗസമത്വ സൂചികയുള്ള സംസ്ഥാനം കേരളമാണ്. പട്ടികയില്‍ 1.52 ആണ് കേരളത്തിന്റെ ഇന്‍ഡക്സ്. 0.87 മാത്രമുള്ള ഗുജറാത്താണ് ഏറ്റവും പിന്നില്‍.

ബിരുദം മുതല്‍ പി എച്ച് ഡി തലം വരെയുള്ള കുട്ടികളുടെ കണക്കുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസം നേടുന്ന സംസ്ഥാനങ്ങള്‍ക്കാണ് ഉയര്‍ന്ന ഇന്‍ഡക്‌സ് ലഭിക്കുക. പെണ്‍കുട്ടികള്‍ കുറവാകുമ്പോള്‍ ഇന്‍ഡക്‌സ് ഒന്നില്‍ താഴെ പോകും. കേരളത്തില്‍ 100 ആണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുമ്പോള്‍ 152 പെണ്‍കുട്ടികളും അതേ വിദ്യാഭ്യാസം നേടുന്നു. ഗുജറാത്തില്‍ 100 ആണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കുമ്പോള്‍ 87 പെണ്‍കുട്ടികള്‍ക്കാണ് പഠിക്കാനാകുന്നത്.

ഉന്നതവിദ്യാഭ്യാസത്തില്‍ രാജ്യത്ത് മൊത്തത്തിലുള്ള ലിംഗസമത്വ സൂചിക 1.05 ആണ്. ഗുജറാത്ത് അടക്കം ഒമ്പത് സംസ്ഥാനങ്ങളുടെ ഇന്‍ഡക്‌സ് അതിലും താഴെയാണ്. ആന്ധ്രപ്രദേശ് ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എല്ലാം ദേശീയ ഇന്‍ഡക്‌സിനു മുകളിലാണ്. രാജസ്ഥാന്‍ (1.00), മധ്യപ്രദേശ് (0.98),ആന്ധ്രപ്രദേശ് (0.94) ,അരുണാചല്‍ പ്രദേശ് (0.94),ഒഡീഷ (0.94), മഹാരാഷ്ട്ര (0.92) ,ത്രിപുര (0.92),ബിഹാര്‍ (0.91), ഗുജറാത്ത് (0.87) എന്നിവയാണ് ദേശീയ ഇന്‍ഡക്‌സിനും താഴെയുള്ളത്.

18നും 23 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥിനികളുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിലും (എന്റോള്‍മെന്റ്) കേരളമാണ് ഒന്നാമതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആ പ്രായത്തിലുള്ള 52.3 ശതമാനം കുട്ടികളും കോളേജുകളില്‍ എത്തുന്നു. ദേശീയ ശരാശരി 27.9 ശതമാനം മാത്രമായിരിക്കെയാണ് കേരളത്തിന്റെ ഈ നേട്ടം. രണ്ടാംസ്ഥാനത്ത് ഉത്തരാഖണ്ഡും (48.9) മൂന്നാമത് തമിഴ്‌നാടും (48.6) ആണ്. ആണ്‍കുട്ടികളുടെ പ്രവേശനത്തില്‍ തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത് (45.4%).

ഉന്നതവിദ്യാഭ്യാസ മേഖലയിലെ മൊത്തം അധ്യാപകരില്‍ സ്ത്രീകളുടെ അനുപാതത്തിലും കേരളത്തിലാണ് ഏറ്റവും ഉയര്‍ന്ന നില. അധ്യാപകരില്‍ 62% പേരും സ്ത്രീകളാണ്. ആകെയുള്ള 61080 പേരില്‍ 37930 പേരും അധ്യാപികമാര്‍. പഞ്ചാബ് (59.9%), ഹരിയാന (52.9%) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News