കോണ്‍ഗ്രസ് നേതാവും ലോക് സഭാ അംഗവുമായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കംചെയ്തു. 53 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ രാഹുല്‍ നടത്തിയ നടത്തിയ 18 പരാമര്‍ശങ്ങളാണ് രേഖകളില്‍ നിന്ന് സ്പീക്കര്‍ ഓം ബിര്‍ള നീക്കം ചെയ്തത്. സ്പീക്കറുടെ നടപടി ജനാധിപത്യത്തിന്റെ ശവദാഹമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട അദാനി മഹാമെഗാസ്‌കാമിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതോടെ ലോക് സഭയില്‍ ജനാധിപത്യത്തിന്റെ ശവദാഹം നടന്നുവെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.
നരേന്ദ്ര മോദിക്കെതിരെ അടിസ്ഥാനമില്ലാത്തതും വീണ്ടുവിചാരമില്ലാത്തതുമായ ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചതെന്ന് ആരോപിച്ച് പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ നടപടി.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ അദാനിവിഷയമുയര്‍ത്തി രാഹുല്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പ്രധാനമന്ത്രിയും വ്യവസായി ഗൗതം അദാനിയും തമ്മില്‍ എന്താണ് ബന്ധമെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ സഭയില്‍ ചോദിച്ചിരുന്നു.
അദാനിക്ക് കേന്ദ്രം വഴിവിട്ട സഹായം നല്‍കിയെന്നതടക്കമുള്ള ആരോപണങ്ങങ്ങളും അദ്ദേഹം ഉന്നയിച്ചു. മോദിയും അദാനിയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം രാഹുല്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടി. തുടര്‍ന്ന് ഭരണപക്ഷത്തുള്ളവര്‍, കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹലോത്തിനൊപ്പമുള്ള അദാനിയുടെ ചിത്രവുമായി തിരിച്ചടിക്കുമെന്നും സ്പീക്കര്‍ രാഹുലിന് മുന്നറിയിപ്പ് നല്‍കി.
ഇസ്രയേലില്‍ നിന്ന് അദാനി ഗ്രൂപ്പിന് ലഭിച്ച ചില പ്രതിരോധ കരാറുകള്‍, ബംഗ്ലാദേശുമായുള്ള വൈദ്യുതി വിതരണ കരാര്‍, മുംബൈ വിമാനത്താവളവുമായി ബന്ധപ്പെട്ട് നല്‍കിയ വഴിവിട്ട സഹായങ്ങള്‍, കോര്‍പ്പറേറ്റുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വായ്പകള്‍ ലഭിക്കാന്‍ അവര്‍ക്ക് അനുകൂലമായി മോദി ചരടുവലിച്ചു, തുടങ്ങിയ രാഹുലിന്റെ ആരോപണങ്ങളും നീക്കം ചെയ്ത പരാമര്‍ശങ്ങളില്‍ ഉള്‍പ്പെടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here