മോദിയും അദാനിയും സുഹൃത്തുക്കള്‍ തന്നെ; നരേന്ദ്ര മോദിക്ക് രാഹുലിന്റെ മറുപടി

ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലായിരുന്ന പ്രധാനമന്ത്രി ഞെട്ടലിലായിരുന്നുവെന്ന് രാഹുല്‍ പരിഹസിച്ചു. അദാനി പ്രധാനമന്ത്രിയുടെ സുഹൃത്തല്ലായിരുന്നു എങ്കില്‍ അദ്ദേഹം അന്വേഷണം പ്രഖ്യാപിക്കുമായിരുന്നു. പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. പ്രസംഗത്തില്‍ താന്‍ തൃപ്തനല്ല. താന്‍ ആവശ്യപ്പെട്ട അന്വേഷണത്തെ കുറിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോടായിരുന്നു രാഹുലിന്റെ പ്രതികരണം.

താന്‍ ബുദ്ധിമുട്ടേറിയ ഒരു ചോദ്യവും ചോദിച്ചിട്ടില്ല.വളരെ ലളിതമായിരുന്നു തന്റെ ചോദ്യങ്ങള്‍. പ്രധാനമന്ത്രിക്ക് അദാനിയുമായുള്ള ബന്ധം എന്ത്? അദാനി പ്രധാനമന്ത്രിയോടൊപ്പം എത്ര തവണ യാത്ര നടത്തി? എത്ര തവണ അദാനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി എന്ന് മാത്രമാണ് താന്‍ ചോദിച്ചത്. അതിനൊന്നും പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്നും രാഹുല്‍ചൂണ്ടിക്കാട്ടി.

തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാത്തതിലൂടെ ചില സത്യങ്ങള്‍വ്യക്തമാകുന്നുണ്ട്. മോദിയും അദാനിയും സുഹൃത്തുക്കള്‍ അല്ലെങ്കില്‍ അന്വേഷണത്തിന് തയ്യാറാകുമായിരുന്നു. പ്രതിരോധമേഖലയിലെ ഇടപാടുകള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞിട്ടില്ല.നരേന്ദ്ര മോദി അദ്ദേഹത്തെ സംരക്ഷിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു. ഇത് ദേശീയ സുരക്ഷയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പ്രശ്നമാണ്. അതു കൊണ്ട് താന്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കും എന്ന് പ്രധാനമന്ത്രി പറയണമായിരുന്നു. എന്നാല്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ചില ആളുകള്‍ വളരെ ആവേശഭരിതരായിരുന്നുവെന്നും ഏറെ നാളുകള്‍ക്ക് ശേഷം ഒരുപക്ഷേ അവര്‍ നന്നായി ഉറങ്ങിക്കാണും. അതുകൊണ്ട് തന്നെ പലരും ഇന്ന് സഭയില്‍ എത്തിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ന് ലോക്‌സഭയിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

കാലിനടിയിലെ മണ്ണ് ഒലിച്ച് പോയിട്ടും അത് വിശ്വസിക്കാന്‍ തയ്യാറാവത്തവരാണ് കോണ്‍ഗ്രസുകാര്‍ എന്ന് പ്രധാനമന്ത്രി പരിഹസിച്ചു. പണ്ട്, വളരെ പ്രധാനപ്പെട്ട ഒരു പഠനം ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയിരുന്നു. ‘ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദയവും അസ്തമയവും’ എന്നതായിരുന്നു പഠന വിഷയം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സര്‍വനാശത്തെ കുറിച്ചാണ് ഇനി ലോകത്തിലെ സര്‍വകലാശാലകള്‍ പഠനം നടത്താന്‍ പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here