അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍

അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍. ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് പിന്നാലെ ബാര്‍ക്ളേസും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡുമടക്കമുള്ള സ്ഥാപനങ്ങളാണ് കിട്ടാക്കടപ്പേടിയിലുള്ളത്. സെബിയുടെയും റിസര്‍വ് ബാങ്കിന്റെയും പരിശോധനാ ഫലങ്ങള്‍ക്ക് കാത്തിരിക്കുകയാണ് വിദേശ ബാങ്കുകള്‍.

ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളെ ഉപയോഗിച്ച് തടിച്ചു കൊഴുക്കുന്നു എന്ന വിമര്‍ശനം കടുത്തതോടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്ന് പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ അദാനി ആരംഭിച്ചിരുന്നു. കടലാസുകമ്പനികളെ ഉപയോഗിച്ച് കടപ്പത്രങ്ങള്‍ പുറത്തിറക്കിയും ഊതിപ്പെരുപ്പിച്ച ഷെയറിനെ ഈടായി ഉയര്‍ത്തിക്കാട്ടിയുമായിരുന്നു അദാനിയുടെ പണ സമാഹരണം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനും മുമ്പേ നിരവധി അപകടസൂചനകള്‍ പുറത്തുവന്നിട്ടും അദാനിക്ക് പണം കടം കൊടുക്കാന്‍ അന്താരാഷ്ട്ര ബാങ്കുകള്‍ മത്സരിച്ചു. ഇത് കൂടുതല്‍ മേഖലകളിലേക്ക് വളരാനും ഇന്ത്യന്‍ ബാങ്കുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും അദാനിയെ സഹായിച്ചു. ആറു വര്‍ഷം മുമ്പ് പൂജ്യം ശതമാനമായിരുന്ന അദാനിയുടെ വിദേശ കടം ഇന്ന് 18% ആണ്. അദാനിയുടെ ബോണ്ടുകളില്‍ 37 ശതമാനവും ഇന്ന് വിദേശ ബാങ്കുകളുടെ കൈകളിലാണ്.

കേന്ദ്ര ഭരണകൂടവുമായുള്ള ചങ്ങാത്തവും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ ലഭിക്കുന്നതും മുന്നില്‍കണ്ടാണ് അദാനി കമ്പനികള്‍ക്ക് ബാങ്കുകള്‍ വന്‍തോതില്‍ പണം കടം നല്‍കാന്‍ ആരംഭിച്ചത്. സമ്പത്തിലും ബിസിനസിലും അദാനി നടത്തിയ കുതിച്ചുചാട്ടത്തിലൂടെ ഡച്ച് ബാങ്കും ബാര്‍ക്ളേസും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡും അടക്കം നിരവധി ബാങ്കിംഗ് സ്ഥാപനങ്ങളാണ് കൂട്ടുകാരായി എത്തിയത്.

കഴിഞ്ഞവര്‍ഷം സ്വിസ് സിമന്റ് ഭീമനായ ഹോള്‍സിമിന്റെ ഇന്ത്യന്‍ വ്യാപാരം വാങ്ങിയെടുക്കാന്‍ ചെലവാക്കിയ ആയിരം കോടി ഡോളറില്‍ അദാനിക്ക് പകുതിയും നല്‍കി സഹായിച്ചത് വിദേശ ബാങ്കിംഗ് കമ്പനികള്‍ ആയിരുന്നു. മാര്‍ക്കറ്റില്‍ വിലത്തകര്‍ച്ച നേരിട്ടതോടെ അദാനിക്ക് നല്‍കിയ പണം എങ്ങനെ തിരിച്ച് പിടിക്കുമെന്ന ആശങ്ക ബാങ്കുകള്‍ക്കുണ്ട്. സെബിയുടെയും കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്കിന്റെയും പരിശോധനാ ഫലങ്ങള്‍ക്ക് കാത്തിരിക്കുകയാണ് വിദേശ ബാങ്കുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration