തുര്‍ക്കി ഭൂകമ്പം; രക്ഷപെട്ടവരില്‍ രണ്ട് മലയാളികളും

തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കഹറാമന്‍മറാഷില്‍ നിന്ന് രക്ഷപെട്ടവരില്‍ 2 മലയാളികളും. വിദ്യാര്‍ഥിയായ അജ്മലും വ്യവസായിയായ ഫാറൂഖിയുമാണ് രക്ഷപെട്ടവര്‍. മുന്നറിയിപ്പ് സൈറണ്‍ കേട്ടതിന് പിന്നാലെ പുറത്തേക്കോടിയതിനാലാണ് ഇരുവരും തലനാരിഴയ്ക്ക് രക്ഷപെട്ടത്. ഇസ്താംബൂളില്‍ ഗവേഷണ വിദ്യാര്‍ഥിയായ ആലപ്പുഴ സ്വദേശി മുഹമ്മദ് അസീറാണ് ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. ഭൂകമ്പം നേരിടാന്‍ രാജ്യം തയാറെടുത്തിരുന്നുവെന്നും ഇതിന്റെ ഭാഗമായി ഡിസംബറില്‍ മോക്ഡ്രില്ലുകളുണ്ടായിരുന്നുവെന്നും അസീര്‍ പറഞ്ഞു.

തുര്‍ക്കിയിലെ ഉള്‍പ്രദേശങ്ങളില്‍ 10 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭൂകമ്പത്തിനു പിന്നാലെ 75 ഇന്ത്യക്കാര്‍ സഹായം അഭ്യര്‍ഥിച്ച് മന്ത്രാലയത്തെ ബന്ധപ്പെട്ടിട്ടുണ്ട്. തുര്‍ക്കിയില്‍ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കുകള്‍.

പൊലീസ് നായ്കളെ ഉള്‍പ്പെടെ ഉപയോഗിച്ചാണ് അപകട സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ നിലംപൊത്തുന്ന അപകടവുമുണ്ട്. പ്രദേശത്തെ കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

ഏകദേശം 24,000 രക്ഷാപ്രവര്‍ത്തകരാണ് വിവിധയിടങ്ങളിലായി തിരച്ചില്‍ നടത്തുന്നത്. പൂജ്യം ഡിഗ്രിയിലും താഴെ താപനിലയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ സമയനഷ്ടമില്ലാതെ രക്ഷപ്പെടുത്തുകയെന്നത് രക്ഷാ പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിതന്നെയാണ്.

തുര്‍ക്കിയില്‍ ഭൂകമ്പ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഇന്ത്യയുമുണ്ട്. ചെന്നൈ ആസ്ഥാനമായ ഗരുഡ എയ്റോസ്പേയ്‌സിനോട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡ്രോണുകള്‍ നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ ഏജന്‍സി ആവശ്യപ്പെട്ടു. നിരവധി രാജ്യങ്ങള്‍ തുര്‍ക്കിക്ക് സാമ്പത്തിക സഹായം വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News