ജോഷിമഠില്‍ വീണ്ടും പുതിയ വിള്ളലുകള്‍; സ്ഥിരീകരിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ജോഷിമഠില്‍ വീണ്ടും പുതിയ വിള്ളലുകള്‍ ഉണ്ടായതായി സ്ഥിരീകരിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡിലെ അഞ്ച് കെട്ടിടങ്ങളിലാണ് പുതിയ വിള്ളലുകള്‍ രൂപപ്പെട്ടത്. ഇതോടെ ജോഷിമഠില്‍ വിള്ളലുകളുള്ള കെട്ടിടങ്ങളുടെ എണ്ണം 863ല്‍ നിന്നും 868 ആയി ഉയര്‍ന്നു. ഇതില്‍ 181 കെട്ടിടങ്ങളും സുരക്ഷിതമല്ലാത്ത സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

നഗരത്തിന്റെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് സിംഗ്ധറില്‍ വിള്ളലുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും, വിദഗ്ധ സംഘങ്ങള്‍ ആ സ്ഥലങ്ങളില്‍ വീണ്ടും സര്‍വേ നടത്തുമെന്നും ജില്ലാ അധികൃതര്‍ അറിയിച്ചു. സിംഗ്ധര്‍ വാര്‍ഡിലെ വീടുകളില്‍ വിള്ളലുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ക്രാക്കോമീറ്റര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

സ്ഥലത്തെ സുരക്ഷ കണക്കിലെടുത്ത് എന്‍ഡിആര്‍എഫിന്റെ രണ്ട് ടീമുകളിലായി 93 ജവാന്മാരെയും എസ്ഡിആര്‍എഫിന്റെ 12 ടീമുകളിലായി 100 ജവാന്‍മാരെയും ജോഷിമഠില്‍ വിന്യസിച്ചിരിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി 243 കുടുംബങ്ങളിലെ 878 അംഗങ്ങളെ ജില്ലാ ഭരണകൂടം താത്കാലികമായി വിവിധ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.

ദുരിതബാധിതര്‍ക്ക് ജില്ലാ ഭരണകൂടം ഇതുവരെ 497.30 ലക്ഷം രൂപ വിതരണം ചെയ്തു. അതോടൊപ്പം 2,177 ഭക്ഷണ കിറ്റുകള്‍, 2,729 ബ്ലാങ്കറ്റുകള്‍, 1,718 ലിറ്റര്‍ പാല്‍, 164 ഹീറ്ററുകള്‍, 143 ദൈനംദിന ഉപയോഗ കിറ്റുകള്‍, 48 ജോഡി ഷൂസുകള്‍, 150 തെര്‍മല്‍ വസ്ത്രങ്ങള്‍, 175 ചൂടുവെള്ള കുപ്പികള്‍, 700 തൊപ്പികള്‍, 287 ഇലക്ട്രിക് കെറ്റിലുകള്‍, 5366 മറ്റ് മെറ്റീരിയല്‍ പാക്കറ്റുകളും വിതരണം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News