പഠാന്‍ വലിയ വിജയമെന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; തലതാഴ്ത്തി സംഘപരിവാര്‍

സംഘപരിവാര്‍ അതിക്രമങ്ങള്‍ക്കിടെ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഠാന്‍ സിനിമയിലെ ദീപിക പദുകോണിന്റെ ബിക്കിനിയുടെ നിറം കാവിയായത് സംഘപരിവാര്‍ വലിയ വിവാദമാക്കിയിരുന്നു. പഠാന്‍ സിനിമ ആരും കാണരുതെന്ന് സംഘപരിവാര്‍ ആഹ്വാനം ചെയ്തു. ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ പലരും പഠാന്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. അതിനിടെ ബോക്‌സ് ഓഫീസ് തകര്‍ത്ത് പഠാന്‍ പടയോട്ടം തുടരുകയാണ്. ഇതിനകം 850 കോടി രൂപയിലധികം വാരിക്കൂട്ടി പഠാന്‍. 2023ല്‍ ഏറ്റവും വരുമാനം ഉണ്ടാക്കിയ ലോകത്തെ അഞ്ചാമത്തെ സിനിമയായി പഠാന്‍ മാറുമ്പോഴാണ്, രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കിലും പ്രധാനമന്ത്രിയുടെ പ്രശംസ.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചക്ക് മറുപടി പറയുന്നതിനിടെയായിരുന്നു പഠാന്‍റെ വിജയം മോദി ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടിയത്. ശ്രീനഗറിലെ തീയേറ്ററുകള്‍ നിറഞ്ഞുകവിയുകയാണ്, കാരണം ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ സിനിമയാണ്. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരില്‍ രണ്ട് മള്‍ട്ടിപ്‌ളക്‌സ് തീയേറ്ററുകള്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്തിരുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കശ്മീരില്‍ തീയേറ്റുകള്‍ ഉണ്ടാകുന്നതെന്നും പഠാന്‍ സിനിമ ആ തീയേറ്ററുകളെ ഹൗസ് ഫുള്‍ ആക്കുന്നുവെന്നും മോദി പറഞ്ഞു. പഠാനും ഷാരൂഖ് ഖാനും ശ്രീനഗറും ചേര്‍ത്തുള്ള മോദിയുടെ പരാമര്‍ശത്തില്‍ രാഷ്ട്രീയം ഉണ്ട് എന്നതില്‍ സംശയമില്ല. പക്ഷെ, പഠാന്‍ സിനിമയുടെ വിജയം പ്രധാനമന്ത്രി സഭയില്‍ പരാമര്‍ശിച്ചു എന്നത് ശ്രദ്ധേയമായി.

പഠാനെതിരെ ഉയര്‍ന്ന വിവാദത്തെ തുടര്‍ന്ന് സിനിമയിലെ പല ഭാഗങ്ങളും നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സിനിമയില്‍ ആവശ്യമായ എഡിറ്റിംഗ് വരുത്തിയ ശേഷമായിരുന്നു റിലീസ്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായി പഠാന്‍ മാറുകയും ചെയ്തു. സംഘപരിവാറിന്റെ മുഖത്തേല്‍ക്കുന്ന അടി കൂടിയായി പഠാന്‍ സിനിമയുടെ വിജയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News