ബോക്‌സോഫീസ് തൂത്തുവാരി പഠാന്‍ ആയിരം കോടിയിലേക്ക്…

ബോക്‌സോഫീസ് തൂത്തുവാരി ഷാരൂഖിന്റെ പഠാന്‍ വിജയക്കുതിപ്പ് തുടരുന്നു. ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ് പഠാന്‍. ചിത്രം ആഗോളതലത്തില്‍ വെറും 12 ദിവസങ്ങള്‍ കൊണ്ട് വാരിക്കൂട്ടിയത് 832 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് കുറഞ്ഞ സമയം കൊണ്ട് തന്നെ ചിത്രത്തിന് 429 കോടിയും വിദേശത്ത് നിന്ന് 317 കോടിയും കളക്ഷന്‍ നേടി വിജയക്കുതിപ്പ് തുടരുകയാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ ബാഹുബലി 2-നെയും ചിത്രം മറികടന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചിത്രത്തിന് ഇതിനകംതന്നെ 94 കോടി രൂപ നേടാനായി. യൂറോപ്പ് അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലും ബാഹുബലിയുടെ കളക്ഷനെ പഠാന്‍ മറികടന്നതായി സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രം 1000 കോടിയും കടന്ന് ബോളിവുഡില്‍ പുതിയ ചരിത്രം കുറിച്ചേക്കുമെന്നാണ് സൂചന. പഠാന്‍ ഇറങ്ങുന്നതിന് മുമ്പ് വരെ ഹിന്ദി ഭാഷയില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പണംവാരികൂട്ടിയ ചിത്രം ദംഗല്‍ ആയിരുന്നു. ദംഗലിനെ പഠാന്‍ ഇതിനകം തന്നെ പിന്നിലാക്കി കഴിഞ്ഞു. ആഗോളതലത്തില്‍ 802 കോടി രൂപയാണ് ബാഹുബലി 2-ന്റെ ഹിന്ദി പതിപ്പ് നേടിയത്. പഠാന്‍ അതും മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ദംഗല്‍, ബാഹുബലി 2, ആര്‍.ആര്‍.ആര്‍, കെ.ജി.എഫ് 2 എന്നിവയാണ് ആഗോളതലത്തില്‍ 1000 കോടി കടന്ന മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍. ചൈനീസില്‍ ഡബ്ബ് ചെയ്ത പതിപ്പിന്റെ കലക്ഷന്‍ അടക്കം പരിഗണിച്ചാല്‍ നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗലാണ് ഏറ്റവും വലിയ ഇന്ത്യന്‍ ബോക്‌സോഫീസ് ഹിറ്റ്. 2,200 കോടി രൂപയാണ് ചിത്രം നേടിയത്. ബാഹുബലി 2- 1810 കോടിയും, ആര്‍.ആര്‍.ആറും കെ.ജി.എഫ് 2 ഉം 1,200 കോടി വീതവും നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News