റബ്ബര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹാരമാര്‍ഗങ്ങള്‍ ആരായാനും റബ്ബര്‍ ബോര്‍ഡ് പ്രതിനിധികളും എം പിമാരും പങ്കെടുത്തുകൊണ്ട് സംയുക്ത യോഗം വിളിക്കാന്‍ ധാരണയായി. ഇടത് എംപിമാര്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. രാജ്യസഭയിലെ ഇടതുപക്ഷ നേതാക്കളായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരാണ് മന്ത്രിയുമായി ഇന്നലെ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയത്. മിശ്രിത റബ്ബര്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നടത്തിയ പ്രഖ്യാപനം റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു തരത്തിലും ആശ്വാസം നല്‍കാത്ത നടപടിയാണ് എന്ന് ഇടത് എംപിമാര്‍ മന്ത്രിയെ അറിയിച്ചു.
കേരളത്തിലെ ഉള്‍പ്പെടെ റബ്ബര്‍ കര്‍ഷകര്‍ വളരെ വലിയ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍ ആശ്വാസ നടപടികള്‍ പ്രതീക്ഷിച്ച ബജറ്റില്‍ ആ നിലയിലുള്ള ഒരു നടപടിയും ഇല്ല എന്നത് കര്‍ഷകരെ സര്‍ക്കാര്‍ കൈവിടുന്നു എന്നതിന്റെ തെളിവാണ്. മിശ്രിതറബ്ബര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ബജറ്റില്‍ നടത്തിയ പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. ഈ നടപടികൊണ്ട് കര്‍ഷകര്‍ക്ക് ഒരു ഗുണവും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ഇടത് എംപിമാര്‍ മന്ത്രിയെ അറിയിച്ചു. ഈ ആശങ്കകള്‍ ചര്‍ച്ച ചെയ്യാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായാനും റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരും എംപിമാരുമായി സംയുക്ത യോഗം വിളിക്കാമെന്ന് കൂടിക്കാഴ്ചയെ തുടര്‍ന്ന് മന്ത്രി ഉറപ്പ് നല്‍കുകയുണ്ടായി.
ഇന്ത്യയിലെ കഴിഞ്ഞ വര്‍ഷത്തെ റബ്ബര്‍ ഇറക്കുമതി പരിശോധിച്ചാല്‍ ആകെ റബ്ബര്‍ ഇറക്കുമതിയുടെ ആറില്‍ ഒന്ന് മാത്രമാണ് മിശ്രിതറബ്ബര്‍. കര്‍ഷകരെ സഹായിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. ആസിയാന്‍ കരാറിനെ തുടര്‍ന്ന് തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നികുതി ഇളവോടുകൂടി ഇന്ത്യയിലേക്ക് നിര്‍ബാധം റബ്ബര്‍ ഇറക്കുമതി സാധ്യമായതിന്റെ ഫലമായാണ് കേരളത്തിലെ ഉള്‍പ്പെടെ റബ്ബര്‍ കര്‍ഷകര്‍ ദുരിതത്തിലായത്. ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കണം എന്ന കര്‍ഷകരുടെ നിരന്തരമായ ആവശ്യം ചെവിക്കൊള്ളാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ബജറ്റിലെ പ്രഖ്യാപനം നിര്‍ഭാഗ്യകരമാണ്.
മിശ്രിതറബ്ബറിന്റെ ഇറക്കുമതി ചുങ്കം 25% ആയി ഉയര്‍ത്തിയാലും അത് കമ്പോളത്തില്‍ വലിയ ചലനം ഉണ്ടാക്കില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയിലെ മിശ്രിതറബ്ബര്‍ ഇറക്കുമതിയുടെ 88% ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുമാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ പരിധിയില്‍ വരുന്നതിനാല്‍ പൂജ്യം മുതല്‍ അഞ്ച് ശതമാനം മാത്രമേ നികുതി ഏര്‍പ്പെടുത്താന്‍ സാധിക്കൂ. അതിനാല്‍ത്തന്നെ റബ്ബര്‍ കമ്പനികളെ സംബന്ധിച്ചിടത്തോളം ഈ നടപടി പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടാക്കില്ല. അഥവാ കമ്പനികളുടെ ലാഭത്തില്‍ ചെറിയ കുറവ് ഉണ്ടായാല്‍ അത് ഉപഭോക്താക്കളുടെ ചുമലിലേക്ക് മാറ്റപ്പെടുക മാത്രമാണ് ഉണ്ടാവുക. അതായത്, ബജറ്റിലെ പ്രഖ്യാപനം റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു തരത്തിലും ഗുണകരമാകില്ല എന്ന് മാത്രമല്ല, വിപണിയില്‍ ചെറിയ തോതിലെങ്കിലും റബ്ബര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിന് ഇത് കാരണമായേക്കാം.
സര്‍ക്കാരിന്റെ അവകാശവാദം പോലെ റബ്ബര്‍ കര്‍ഷകരെ സഹായിക്കണം എന്നതാണ് ലക്ഷ്യമെങ്കില്‍ മിശ്രിത റബ്ബറിന്റെയും സ്വാഭാവിക റബ്ബറിന്റെയും ഇറക്കുമതി തീരുവ ഒരുപോലെ ഉയര്‍ത്തുകയും റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കുകയുമാണ് ചെയ്യേണ്ടത്. ഈ വിഷയങ്ങളെല്ലാം ഉന്നയിച്ചുകൊണ്ടാണ് ഇന്നലെ ഇടത് എംപിമാര്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനെ സന്ദര്‍ശിച്ച് കത്ത് നല്‍കുകയും വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തത്. ഈ ചര്‍ച്ചയുടെ ഫലമായാണ് റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ എംപിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത്. നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും റബ്ബര്‍ കര്‍ഷകരെ സഹായിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരില്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തുമെന്നും ഇടത് എംപിമാര്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here