കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കുടുംബപ്പേരിൻ്റെ പേരിൽ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്രുവിനെ എവിടെയെങ്കിലും പരാമർശിക്കാതെ പോയാൽ കോൺഗ്രസുകാർ അസ്വസ്ഥരാകും. നെഹ്രു മഹാനായിരുന്നു എന്നാണ് കോൺഗ്രസ് പറയുന്നത്. അങ്ങനെയാണെങ്കിൽ നെഹ്രു കുടുംബം എന്തുകൊണ്ടാണ് നെഹ്രു എന്നത് പേരിനൊപ്പം ചേർക്കാത്തതെന്ന് പ്രധാനമന്ത്രി ചോദിച്ചു. രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. നരേന്ദ്ര മോദിയുടെ പരാമർശം കോൺഗ്രസ് അംഗങ്ങളെ പ്രകോപിതരാക്കി.
നരേന്ദ്ര മോദി പ്രസംഗിക്കാൻ എഴുന്നേറ്റതു മുതൽ “മോദി-അദാനി ഭായ് ഭായ്” എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിപക്ഷം അദ്ദേഹത്തെ നേരിട്ടത്. ഈ സഭയിൽ പറയുന്നത് രാജ്യം ശ്രദ്ധാപൂർവം കേൾക്കുന്നുണ്ടെന്നും ചില എംപിമാർ ഈ സഭയ്ക്ക് അപകീർത്തി വരുത്തുന്നുവെന്നും ബഹളങ്ങൾക്ക് മറുപടിയായി മോദി പറഞ്ഞു.”നിങ്ങൾ എത്ര ചെളി വാരിയെറിഞ്ഞാലും താമര വിരിയുമെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനയുടെ 356-ാം വകുപ്പ് ദുരുപയോഗം ചെയ്തുകൊണ്ട് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ 90 തവണ സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടു. ഇന്ദിരാഗാന്ധി 50 തവണയിലേറെ ഈ വകുപ്പ് ദുരുപയോഗം ചെയ്തു എന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ‘ഗരീബി ഹട്ടാവോ‘ എന്ന മുദ്രാവാക്യം മുഴക്കുന്നതിൽ മാത്രമായിരുന്നു കോൺഗ്രസിന് താത്പര്യം. ദാരിദ്ര്യം നിർമ്മർജനം ചെയ്യാൻ അധികാരം കയ്യിലുണ്ടായിരുന്നപ്പോൾ അവർ ഒന്നും ചെയ്തില്ലെന്ന് മോദി പറഞ്ഞു. കോൺഗ്രസിന്റെ വികലമായ നയങ്ങൾ രാജ്യത്തിന്റെ വളർച്ചയെയും പുരോഗതിയെയും പിന്നോട്ടടിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം നേരിട്ട കാതലായ പ്രശ്നങ്ങൾക്ക് കൃത്യമായ സമയത്ത് പരിഹാരം കാണാൻ അധികാരം കയ്യിലിരുന്നപ്പോൾ കോൺഗ്രസ് ശ്രമിച്ചില്ല. പദ്ധതികൾ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ചവർ അവ നടപ്പിലാക്കാനുള്ള ആർജ്ജവം കാണിച്ചില്ല. കോൺഗ്രസ് നശിപ്പിച്ച രാജ്യത്തെ വികസനപാതയിൽ എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടത്തുന്നത്. അത് ലക്ഷ്യം കാണുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here