മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിനും നിസ്‌കരിക്കുന്നതിനും വിലക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം. സുപ്രീം കോടതിയിലാണ് ഇത് സംബന്ധിച്ച സത്യാവാങ്ങ്മൂലം സമർപ്പിക്കപ്പെട്ടത്. പള്ളിയിലെ പൊതു സ്ഥലങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്നതിന് മാത്രമാണ് വിലക്ക്. പല പള്ളികളിലും സ്ത്രീകൾക്ക് നിസ്കരിക്കാൻ പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി.
സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കുന്നത് നിരോധിച്ചത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പൂനെ സ്വദേശിയും അഭിഭാഷകയുമായ ഫർഹ അൻവർ ഹുസൈൻ ഷെയ്ഖ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. പള്ളികളിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കാൻ അവസരം ഒരുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഈ ഹർജിയിലാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് സത്യവാങ് മൂലം സമർപ്പിച്ചിരിക്കുന്നത്.
മുസ്ലിം സ്ത്രീകളോട് പള്ളികളിൽ കാണിക്കുന്ന വേർതിരിവ് ഭരണഘടനാപരമായ അവകാശങ്ങളെ, പ്രത്യേകിച്ച്, അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നതായി ഹർജിക്കാരി വാദിച്ചു. ഇത്തരമൊരു നിരോധനം ഖുറാനിൽ വിഭാവനം ചെയ്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. മക്കയിലും മദീനയിലും സ്ത്രീ തീർഥാടകർ പുരുഷന്മാരോടൊപ്പം ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുവദിക്കുന്നുവെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി.
മുസ്ലിം സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കുന്നതിനും നമസ്‌കരിക്കുന്നതിനും കൂട്ടായ പ്രാർത്ഥനക്കും വിലക്കില്ല എന്ന ഇസ്ലാമിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലുള്ള ഹർജിക്കാരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാൽ ഒരേ വരിയിലോ പൊതു ഇടത്തിലോ ലിംഗ വ്യത്യാസമില്ലാതെ സ്വതന്ത്രമായി ഇടകലരുന്നത് ഇസ്ലാമിൽ അനുശാസിക്കുന്ന നിലപാടുമായി പൊരുത്തപ്പെടുന്നില്ല.
മക്കയേയും മദീനയേയും ചൂണ്ടിക്കാട്ടി ഹർജിയിൽ ഉയർത്തിയിരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മക്കയിലും വിശുദ്ധ കഅബയ്ക്ക് ചുറ്റുമുള്ള എല്ലാ പള്ളികളിലും സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിക്കുന്ന രീതി നിലവിലുണ്ട് എന്നും സത്യവാങ്മൂലത്തിൽ മുസ്ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here