ഇന്ധന സെസിനെതിരായ പ്രതിപക്ഷ സമരത്തിനെതിരെ മുഖ്യമന്ത്രി

ബജറ്റിലെ ഇന്ധന സെസ് വർദ്ധനവിൽ പ്രതിഷേധിച്ച് നടത്തുന്ന പ്രതിപക്ഷ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ നിയമസഭാ സമ്മേളനം പ്രതിപക്ഷം ബഹിഷ്കരിക്കുകയാണ് ചെയ്തത്. സഭയ്ക്ക് പുറത്തും പ്രകോപനപരമായ സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോവുകയാണ്. പെട്രോൾ ഡീസൽ വില നിർണ്ണയ അവകാശം എണ്ണക്കമ്പനികൾക്ക് നൽകിയവരാണ് കോൺഗ്രസ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. റിലയൻസിന് വേണ്ടി മന്ത്രിമാരെ മാറ്റിയവരാണ് കോൺഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ധന സെസിനെതിരെ കോണ്‍ഗ്രസിനൊപ്പം ബിജെപിയും ഒന്നിച്ച് സമരം ചെയ്യുന്നത് വിചിത്രമാണ്. തരാതരം പോലെ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് ഇവരെന്നും മുഖ്യമന്ത്രി പറഞ്ഞു. 2015ല്‍ ഇതിന്റെ പകുതിവില ഇല്ലാത്ത കാലത്ത് യുഡിഎഫ് ഒരു രൂപ സെസ് ഏര്‍പ്പെടുത്തി. കമ്പനികളെ പ്രീണിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞും പോയവരാണ് കോൺഗ്രസ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള പക പോക്കലാണ് നടക്കുന്നത്. കേന്ദ്രത്തിൻ്റെ ഇത്തരം നയങ്ങൾ സെസിന് നിർബന്ധിതമാക്കി. ഞെരുക്കി തോൽപ്പിക്കുന്ന കേന്ദ്രനയത്തിന് കോൺഗ്രസ് കുട പിടിക്കുകയാണ്. അതു കൊണ്ട് ഇവരുടെ സമരത്തെ ജനം പിന്തുണയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് അവർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം കടബാധ്യതയിലെന്നത് തെറ്റായ പ്രചാരണമാണ്. പ്രതിപക്ഷവും മാധ്യമങ്ങളിൽ ഒരു വിഭാഗവും അത്തരം വാർത്തകൾ പ്രചരിപ്പിച്ചു. ബജറ്റ് അവതരണത്തിന് മുമ്പ് തന്നെ ഇത്തരം പ്രചാരണം തുടങ്ങിയിരുന്നു. കഴിഞ്ഞ നാല് വർഷം കൊണ്ട് ആഭ്യന്തര കടത്തിൽ 2.46 ശതമാനത്തിന്റെ കുറവുണ്ടായി. കേരളത്തിൽ മാത്രമല്ല കടമുള്ളത്. മറ്റ് സംസ്ഥാനങ്ങളിലും കടമുണ്ട്. കേരളത്തിന്റെ നികുതി വരുമാനം വർദ്ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശമ്പളവും പെൻഷനും നൽകാൻ കടം വാങ്ങുന്നുവെന്ന പ്രചാരണം തെറ്റാണ്. സംസ്ഥാനത്തിൻ്റെ റവന്യൂ വരുമാനത്തിൽ നിന്നാണ് ശമ്പളവും പെൻഷനും പലിശയും നൽകുന്നത്. മന്ത്രിമാർ ധൂർത്ത് നടത്തുന്നതിനാൽ സാമ്പത്തിക പ്രതിസന്ധിയെന്നത് തെറ്റായ പ്രചാരണമാണ്. കേന്ദ്രത്തിൻ്റെ നികുതി വിഹിതം കുറഞ്ഞു. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ നയം പ്രദേശിക സാമ്പത്തിക സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നതാണ്. ഇത് സമ്മതിക്കാൻ യുഡിഎഫിന് മടിയുണ്ടാകും. കാരണം അവർ ബി ജെ പിയുമായി ചേർന്ന് സമരം നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News